ദില്ലി: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ യുവാവ് കൊക്കയിൽ വീണു മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. ബിസിനസുകാരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് മലമുകളിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭയം കാരണമാണ് കേതനെ വധിക്കാൻ തീരുമാനിച്ചതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാനായി ഇരുവരും ആറുമാസത്തിനിടെ 2004 തവണ ഫോണിൽ സംസാരിച്ചതായും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.
സിയയും കേതനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും, ഒപ്പം ജോലി ചെയ്തിരുന്ന ചേതനുമായി സിയ പ്രണയത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്നതോ ഒളിച്ചോടുന്നതോ കുടുംബത്തിന് വലിയ അപമാനമുണ്ടാക്കുമെന്ന ഭയത്താലാണ് കേതനെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിച്ചത്. കൊലപാതകം നടത്താൻ പല വഴികൾ ഇന്റർനെറ്റിൽ തിരഞ്ഞ പ്രതികൾ, ഒടുവിൽ ജൂൺ 18-ന് കേതനെ ട്രെക്കിങ്ങിനെന്നു പറഞ്ഞ് ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുൻപ് പ്രീ വെഡ്ഡിംഗ് ഷൂട്ടിനായി ഇവർ ബാലിയിലേക്ക് പോകാൻ ഒരുങ്ങിയിരുന്നെങ്കിലും, സിയ ആസൂത്രിതമായി കേതന്റെ പാസ്പോർട്ട് ഒളിപ്പിച്ചുവെച്ച് യാത്ര മുടക്കുകയായിരുന്നുവെന്ന് കേതന്റെ കുടുംബം ആരോപിക്കുന്നു.
ആദ്യം കാൽ തെറ്റി വീണതാണെന്നാണ് സിയ എല്ലാവരെയും ധരിപ്പിച്ചത്. എന്നാൽ കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കടുത്ത ചൂടിലും മുഖം മറയ്ക്കുന്ന ഹൂഡി ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി കണ്ടെത്തി. സിയയുടെ കാമുകനായ ചേതനായിരുന്നു ഇതെന്ന തിരിച്ചറിവാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സിയയെയും ചേതനെയും ജൂൺ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ketan murder case: Sia and her lover called her 2004 times to kill her; Accused make more revelations





