തിരുവനന്തപുരം: പ്രധാന തീരുമാനങ്ങള്‍ മന്ത്രിമാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കിയ ദിവസമാണ് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസം പുറത്തുവന്നത്.

പബ്ലിക് സര്‍വീസ് കമ്മിഷന് (PSC), ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളിലെ നിയമനങ്ങളും ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും സ്ഥാനവിതരണവുമാണ് തര്‍ക്കത്തിന് കാരണമായത്. PSC നിയമനത്തിനുള്ള പേരുകള്‍ മുഖ്യമന്ത്രി മുന്‍കൂര്‍ ചര്‍ച്ചയില്ലാതെ അവതരിപ്പിച്ചതിനെ റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ചോദ്യം ചെയ്തതോടെയാണ് ഭിന്നത തുടങ്ങിയത്. നിയമനങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പ്രധാന തീരുമാനങ്ങള്‍ അറിയിക്കാതെ മുന്നോട്ടുപോകുന്നതില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫും അതൃപ്തി പ്രകടിപ്പിച്ചു. ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. ആരോഗ്യമന്ത്രി കെ. മുരളീധരന് മാത്രമാണ് മുഖ്യമന്ത്രിയെ പിന്തുണച്ചതെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ഞാൻ നിങ്ങളെ കാണുന്നില്ല, മാറി നിൽക്കൂ; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ
ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചില പേരുകള്‍ മാറ്റിയതായാണ് വിവരം. ഗുരുവായൂര്‍ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ എ.പി. അനില്‍കുമാര്‍, എം. ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ് എന്നിവര്‍ ആദ്യം ഒപ്പിടാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങള്‍ സതീശന് സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എല്ലാവരും അഭിപ്രായം പറയുന്ന ഇടമാണ് മന്ത്രിസഭയെന്നും സതീശന് വ്യക്തമാക്കി. ‘ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് മന്ത്രിസഭയിലെ തീരുമാനങ്ങളെല്ലാം കൂട്ടായ തീരുമാനങ്ങളാണെന്നും സമവായത്തിലെത്താന്‍ കഴിയാത്ത വിഷയങ്ങള്‍ മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭയില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 568 പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും അടുത്ത ആറുമാസത്തിനുള്ളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും സതീശന് അവകാശപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Kerala Cabinet Rift: Ministers Question CM V.D. Satheesan’




