ബെംഗളൂരു: കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാനാണ് തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവൽക്കരണവും പരിശോധനയും നടത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജുകളിൽ പ്രത്യേക ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിച്ചാവും പരിശോധനയും ബോധവൽക്കരണവും കൗൺസിലിംഗും നടത്തുക. പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യസ്വഭാവവും പൂർണ്ണമായി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിനായി ‘Know Your HIV Status’ എന്ന പേരിൽ പ്രത്യേക ക്യുആർ (QR) അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കും. വിദ്യാർത്ഥികളുടെ പരിശോധനാ ഫലങ്ങളും അനുബന്ധ വിവരങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടാതെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഈ ഡിജിറ്റൽ സംവിധാനം വഴി സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാം സ്ഥാനത്താണെന്നാണ് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 2.6 ലക്ഷം എച്ച്.ഐ.വി ബാധിതർ സംസ്ഥാനത്തുണ്ട്. ഇതിൽ 54,000-ത്തോളം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ്. 18നും 25നും ഇടയിൽ പ്രായമുള്ള 7,000 രോഗബാധിതർ സംസ്ഥാനത്തുണ്ടെന്നും നാക്കോയുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് രോഗവ്യാപനം അതിവേഗം ഉയരുന്നത്. 2023-24 കാലഘട്ടത്തിൽ ഈ പ്രായപരിധിയിൽ 44,500 പേർക്ക് രോഗം കണ്ടെത്തിയ സ്ഥാനത്ത്, 2025-26 ആയപ്പോഴേക്കും അത് 66,000 ആയി ഉയർന്നുവെന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗവും യുവാക്കളിൽ എച്ച്.ഐ.വി ബാധ കൂടുന്നതിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധ നേരത്തെ തിരിച്ചറിയുന്നതിലൂടെ രോഗവ്യാപനവും രോഗം ഗുരുതരമാകുന്നതും തടയാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
Karnataka to make HIV test mandatory for college students; QR app to ensure privacy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





