ടോക്യോ: വടക്കൻ ജപ്പാനിലെ തീരമേഖലകളിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമിക്കും സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ഔദ്യോഗികമായി അറിയിച്ചു. ഇതേത്തുടർന്ന് വടക്കൻ മേഖലകളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇവേറ്റ് പ്രിഫെക്ചർ, ഹോക്കൈഡോ എന്നിവിടങ്ങളിലെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് എത്രയും വേഗം സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിതാമസിക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജപ്പാൻ ഭരണകൂടം അറിയിച്ചു.
ആദ്യ തരംഗത്തിന് ശേഷം കൂടുതൽ ശക്തമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ ജാഗ്രതാനിർദ്ദേശം പിൻവലിക്കുന്നത് വരെ ആരും തീരങ്ങളിലേക്ക് മടങ്ങരുതെന്ന് അധികൃതർ അറിയിച്ചു. ലോകത്ത് സംഭവിക്കുന്ന ഭൂകമ്പങ്ങളിൽ ഏകദേശം 18 ശതമാനവും ജപ്പാനിലാണ് രേഖപ്പെടുത്തുന്നത്. പ്രതിവർഷം ശരാശരി 1,500 ഓളം ഭൂചലനങ്ങൾ അനുഭവപ്പെടുന്ന ഈ ദ്വീപസമൂഹം ഭൂമിശാസ്ത്രപരമായി അതീവ സങ്കീർണ്ണമായ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
Strong 7.4 Earthquake Hits Japan; Tsunami Alert Issued
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





