ഷാർലറ്റ്ടൗൺ : വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ പ്രിൻസ് എഡ്വേർഡ് ഐലൻഡ് നിവാസികൾക്കായി പ്രഖ്യാപിച്ച പുതിയ ‘ഐലൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ തുക വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. ഈ വർഷത്തെ പ്രൊവിൻഷ്യൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഏകദേശം 95,000 ഐലൻഡ് നിവാസികൾക്ക് ലഭിക്കുമെന്നാണ് പ്രൊവിൻസ് കണക്കാക്കുന്നത്.
നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന, 19 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പ്രവിശ്യാ നിവാസികൾക്കാണ് ഈ തുക ലഭിക്കുക. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും കാനഡ റവന്യൂ ഏജൻസി വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറുമെന്നും ധനമന്ത്രി ജിൽ ബറിഡ്ജ് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് ആരും ഔദ്യോഗികമായി ബന്ധപ്പെടില്ലെന്നും വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബത്തിന്റെ വാർഷിക അറ്റാദായം അടിസ്ഥാനമാക്കിയാണ് ഓരോരുത്തർക്കുമുള്ള ആനുകൂല്യ തുക നിശ്ചയിക്കുന്നത്. കുറഞ്ഞ വരുമാന പരിധിയിലുള്ള സിംഗിൾ പേരെന്റ്സിനും ദമ്പതികൾക്കും 365 ഡോളറും, ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് 310 ഡോളറും വീതം ലഭിക്കുമ്പോൾ ഉയർന്ന വരുമാന പരിധിയിലുള്ളവർക്ക് കുറഞ്ഞത് 175 ഡോളർ വീതമായിരിക്കും ലഭിക്കുക. ദമ്പതികൾക്കും സിംഗിൾ പേരെന്റ്സിനും 114,000 ഡോളർ വരെയും, 114,000 മുതൽ 131,500 ഡോളർ വരെയും, 131,500 ഡോളറിന് മുകളിലുമായി മൂന്ന് വരുമാന പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഇത് യഥാക്രമം 108,500 ഡോളർ വരെയും, 108,500 മുതൽ 126,000 ഡോളർ വരെയും, 126,000 ഡോളറിന് മുകളിലുമാണ്.
വരുമാന പരിധിക്കനുസരിച്ച് ഈ വർഷത്തെ പേയ്മെന്റ് ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കുറഞ്ഞ വരുമാനമുള്ളവർക്ക് പി.ഇ.ഐ സെയിൽസ് ടാക്സ് ക്രെഡിറ്റ് ഷെഡ്യൂൾ അനുസരിച്ച് മൂന്ന് മാസത്തിലൊരിക്കലും (Quarterly), മധ്യനിരയിലുള്ളവർക്ക് ജൂലൈ, ഒക്ടോബർ, നവംബർ മാസങ്ങളിലും തുക ലഭിക്കും. ഉയർന്ന വരുമാന പരിധിയിലുള്ളവർക്ക് നവംബറിൽ ഒറ്റത്തവണയായി (Lump-sum) ആയിരിക്കും തുക കൈമാറുക. പി.ഇ.ഐ സെയിൽസ് ടാക്സ് ക്രെഡിറ്റും പി.ഇ.ഐ എനർജി റിബേറ്റും സംയോജിപ്പിച്ചാണ് പുതിയ ആനുകൂല്യം രൂപീകരിച്ചിരിക്കുന്നത്. അടുത്ത വർഷം മുതൽ നിലവിലുള്ള പ്രത്യേക പേയ്മെന്റ് ഷെഡ്യൂൾ അവസാനിച്ച്, പൂർണ്ണമായും കാനഡ റവന്യൂ ഏജൻസിയുടെ സാധാരണ പേയ്മെന്റ് കലണ്ടർ പിന്തുടരുമെന്നും അധികൃതർ അറിയിച്ചു.
Island Essentials Benefit Distribution in PEI Begins Friday; 95,000 People to Benefit
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





