ഓട്ടവ: തൊഴിൽ പെർമിറ്റുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ നിർണായക മുന്നറിയിപ്പുമായി കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം രംഗത്തെത്തി. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിലും പഠനശേഷമുള്ള വർക്ക് പെർമിറ്റുകളിലും കൃത്യമായ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് IRCC വ്യക്തമാക്കി. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് IRCC ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
അംഗീകൃത വർക്ക് പെർമിറ്റ് ഇല്ലാതെ കാനഡയിൽ ജോലി ചെയ്യുന്നത് ഗുരുതരമായ ഇമിഗ്രേഷൻ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കാനഡയിൽ നിന്ന് ഉടനടി നാടുകടത്താനും അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനും സാധ്യതയുണ്ട്. കൂടാതെ ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ കാനഡയിലോ മറ്റ് രാജ്യങ്ങളിലോ വിസയും പെർമനന്റ് റസിഡൻസിയും ലഭിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
വിസിറ്റർ വിസയിലോ ഇ-ടി.എ വഴിയോ കാനഡയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ അവകാശമില്ലെന്നും രാജ്യത്തിനുള്ളിൽ വെച്ച് വിസിറ്റർ വിസ വർക്ക് പെർമിറ്റാക്കി മാറ്റാൻ കഴിയില്ലെന്നും ഐ.ആർ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റഡി പെർമിറ്റിൽ അനുമതിയുള്ള പഠന സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ പരമാവധി 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. അനുവദിച്ച സമയ പരിധിയിൽ കൂടുതൽ ജോലി ചെയ്താൽ സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദാക്കപ്പെടാൻ സാധ്യതയേറെയാണ്.
ചില കോളേജുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ കോഴ്‌സുകൾക്കും പഠനശേഷം പി.ജി.ഡബ്ല്യു.പി ലഭിക്കണമെന്നില്ല. അതിനാൽ കോളേജുകളുടെ പരസ്യങ്ങളിൽ വീഴാതെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തൊഴിൽ പെർമിറ്റിന് അർഹതയുണ്ടോ എന്ന് വിദ്യാർത്ഥികൾ തന്നെ നേരിട്ട് ഉറപ്പുവരുത്തണം. അതേസമയം അർഹതയുള്ള കോഴ്‌സുകൾ പൂർത്തിയാക്കി വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തീരുമാനമാകുന്നത് വരെ മുഴുവൻ സമയവും ജോലി ചെയ്യാവുന്നതാണ്.
വർക്ക് പെർമിറ്റിനോ ജോലിക്കോ പണം ആവശ്യപ്പെടുക, ജോലി വഴി സ്ഥിരതാമസം ഉറപ്പുനൽകുക, സോഷ്യൽ മീഡിയ വഴി വ്യക്തിഗത രേഖകൾ ചോദിക്കുക തുടങ്ങിയ തട്ടിപ്പുകളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാനഡ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Deportation and entry bans—points to note: IRCC issues warning to students in Canada.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






