ടെഹ്‌റാൻ : ഇറാനെതിരെയുള്ള അമേരിക്കയുടെ യുദ്ധച്ചെലവ് ഇതുവരെ 38 ബില്യൺ ഡോളറിലെത്തിയതായി കോൺഗ്രസിന്റെ കണക്കെടുപ്പ് വിഭാഗം വ്യക്തമാക്കി. ആറുമാസം പിന്നിട്ട യുദ്ധത്തിൽ പ്രതിമാസം 3 ബില്യൺ ഡോളർ വീതം ചെലവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (സി.ബി.ഒ) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2027-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ യുദ്ധം രാജ്യത്തെ നാണയപ്പെരുപ്പം 0.5 ശതമാനം വർധിപ്പിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആയുധശേഖരത്തിലെ വൻ കുറവും ഊർജവിലയിലെ വർധനവും അമേരിക്കയുടെ സൈനിക തയ്യാറെടുപ്പുകളെയും പ്രതിരോധ ബജറ്റിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് ജൂലൈ 21-ന് സെനറ്റ് കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച 3.75 ബില്യൺ ഡോളറിനോട് അടുത്താണ് ഈ കണക്കുകൾ. ആയുധങ്ങളുടെ പെട്ടെന്നുള്ള ഉപയോഗം കാരണം ഇവയുടെ സ്റ്റോക്ക് പൂർവസ്ഥിതിയിലാക്കാൻ അഞ്ചു വർഷത്തെയെങ്കിലും സമയം വേണ്ടിവരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ആയുധങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ പെന്റഗൺ തള്ളി. പ്രസിഡന്റിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ എല്ലാ ആയുധങ്ങളും സ്റ്റോക്കുണ്ടെന്ന് ചീഫ് പെന്റഗൺ വക്താവ് സീൻ പാർണേളും വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയും പ്രതികരിച്ചു. യുദ്ധത്തിൽ ഇതുവരെ 18 യു.എസ്. സേനാംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
സൂക്ഷ്മമായ ആയുധങ്ങളുടെ കുറവ് ഭാവിയിൽ ചൈനയുമായോ തായ്‌വാനുമായോ ഉണ്ടാകാനിടയുള്ള മറ്റ് പ്രധാന സംഘർഷങ്ങളിൽ അമേരിക്കയുടെ പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് സി.ബി.ഒ മുന്നറിയിപ്പ് നൽകുന്നു. ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ ജൂലൈയിലെ സെനറ്റ് ഹിയറിംഗിൽ ഹെഗ്സെത്ത് ഏകദേശം 90 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ടിരുന്നു.
ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഈ യുദ്ധച്ചെലവുകൾ അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റിൽ രാജ്യത്തിന്റെ ആകെ പൊതുക്കടം 40 ട്രില്യൺ ഡോളർ കവിഞ്ഞിരുന്നു. ദീർഘകാലം നീണ്ടുനിന്ന ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വ്യത്യസ്തമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








