ടെഹ്‌റാൻ : അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. പുതിയ സാമ്പത്തിക യുദ്ധത്തിനും മിസൈൽ ആക്രമണങ്ങൾക്കും തയ്യാറെടുക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ ഇറാൻ പിന്തുണയോടെ ഹൂതി തീവ്രവാദികൾ സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട് . യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു മാസത്തോളമായി തുടരുന്ന യുദ്ധം പശ്ചിമേഷ്യയിൽ കൂടുതൽ വ്യാപകമായ പ്രാദേശിക സംഘർഷത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകളാണ് നിലവിലെ സംഭവവികാസങ്ങൾ നൽകുന്നത്.
അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ അത്യാധുനിക ഖാസിം ബസീർ മിസൈൽ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ ഉപരോധങ്ങളും ആക്രമണങ്ങളും തങ്ങളുടെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെങ്കിലും മിസൈൽ, ഡ്രോൺ കരുത്ത് ചോർന്നുപോയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. പേർഷ്യൻ ഉൾക്കടലിൽ പുതിയ സമുദ്ര വിലക്ക് ഏർപ്പെടുത്തുമെന്നും അമേരിക്കൻ നടപടികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടി നൽകുമെന്നും ഇറാന്റെ സുപ്രധാന ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പുതിയ മിസൈലുകളിലൂടെ വാഷിംഗ്ടണിന് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. അമേരിക്കയുടെ ഉപരോധമേഖല മുതൽ ഗൾഫിന്റെ വിവിധ ഭാഗങ്ങൾ വരെ പുതിയ നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഏത് കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഈ ആഴ്ചയും ചരക്കുകപ്പലുകളുടെ സഞ്ചാരം മന്ദഗതിയിലായിട്ടുണ്ട്.
ഇറാനെതിരെയുള്ള യുദ്ധത്തിൽ വിജയം കൈവരിച്ചുകഴിഞ്ഞാൽ രാജ്യത്തെ ഇന്ധനവില കുത്തനെ കുറയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
യുദ്ധത്തിൽ വിജയിക്കുമ്പോൾ ഇന്ധന വില ഗാലന് മൂന്ന് ഡോളറിൽ താഴെയും ഒടുവിൽ രണ്ട് ഡോളറിൽ താഴെയുമായി കുറയുമെന്നും ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിലൂടെ ലക്ഷ്യമിട്ട കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ ട്രംപിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നവമ്പർ മാസം നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇറാനുമായുള്ള ഈ യുദ്ധം രാഷ്ട്രീയമായി കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇറാനെതിരെ കഴിഞ്ഞ ശനിയാഴ്ച യു.എസ് സേന മൂന്ന് എണ്ണ ടാങ്കറുകൾ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ ഇപ്പോൾ പുതിയ മിസൈൽ പ്രയോഗവും കടുത്ത ഭീഷണികളും മുഴക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ചലനശേഷിയുള്ളതും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചെല്ലാൻ കഴിയുന്നതുമായ ഖാസിം ബസീർ മിസൈലിന്റെ ഉപയോഗം പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ഉപരോധങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനും തങ്ങളുടെ സ്വാധീനം നിലനിർത്താനുമാണ് ടെഹ്‌റാൻ ഭരണകൂടത്തിന്റെ നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








