ഇസ്ലാമാബാദ്: 1979-ന് ശേഷം ആദ്യമായി അമേരിക്കയുമായി പാക്കിസ്ഥാനിൽ വെച്ച് നടന്ന നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി ഇറാൻ. സൈനിക നീക്കത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കുറ്റപ്പെടുത്തി. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ സംഘടിപ്പിച്ചത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പാർലമെന്റ് സ്പീക്കറും തമ്മിൽ 21 മണിക്കൂർ നീണ്ടുനിന്ന അതിദീർഘമായ ചർച്ചകളിലും ഒത്തുതീർപ്പിലെത്താൻ ഇരുവർക്കും കഴിഞ്ഞില്ല. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന നിബന്ധന അംഗീകരിക്കാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായതെന്ന് ജെ.ഡി. വാൻസ് വ്യക്തമാക്കി. നാൽപ്പത് ദിവസമായി തുടരുന്ന പോരാട്ടത്തിൽ തങ്ങൾ കൈവരിച്ച നേട്ടങ്ങൾ ചർച്ചാമേശയിൽ അടിയറവെയ്ക്കില്ലെന്ന കർക്കശ നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഉടനടി ഒരു വെടിനിർത്തലിനുള്ള സാധ്യതകൾ വഴിമുട്ടി നിൽക്കുകയാണ്.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ശക്തമായ സൈനിക നീക്കമുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തെ എണ്ണവിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നതും ഇറാൻ അടച്ചതുമായ ഹോർമൂസ് കടലിടുക്ക് യു.എസ് സൈന്യം നേരിട്ട് തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. നിലവിലെ തടസ്സങ്ങൾ നീക്കി വരുംദിവസങ്ങളിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാണ് അമേരിക്കയുടെ തീരുമാനം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Attempted to impose': Iran reveals reason for failure of talks with US





