ഇറാന്റെ 2 ആണവശാസ്ത്രജ്ഞരെയും സേനാമേധാവിയെയും വധിച്ചുകൊണ്ട് വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിന്റെ സൈനിക കമാൻഡ് കേന്ദ്രങ്ങളിലൊന്നായ കിരിയ കോംപൗണ്ടിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിലേക്കു നീങ്ങിയിരിക്കുന്നു. കിരിയ കോംപൗണ്ടിൽ ഇസ്രയേൽ സൈന്യത്തിന്റെ ജനറൽ സ്റ്റാഫിന്റെ ആസ്ഥാനവും ഏതാനും കമാൻഡ്–കൺട്രോൾ സംവിധാനങ്ങളുമാണുള്ളത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് അനുമാനം. എങ്കിലും ഈ പ്രത്യാക്രമണത്തിനു സൈനികമായി പ്രാധാന്യം ഏറെയാണ്. ഇറാൻ അയച്ച ഏതാണ്ട് എല്ലാ ഡ്രോണുകളും ഇസ്രയേലിന്റെ പേരെടുത്ത അയൺ ഡോം എന്ന ആകാശപ്രതിരോധകവചം തടഞ്ഞു.
എങ്കിലും ഇതിനെ ഭേദിച്ചുകൊണ്ട് ഏതാനും മിസൈലുകൾ ഇസ്രയേലിലെ കാതലായ സൈനികലക്ഷ്യങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിലൂടെ ഇറാൻ സൈനിക–സാങ്കേതികശക്തി വിളിച്ചറിയിച്ചിരിക്കുന്നു. ഇത്രയും കാലം ഹിസ്ബുല്ലയും ഹൂതികളും അയച്ചിരുന്ന ഡ്രോണുകളെയും റോക്കറ്റുകളെയും അയേൺ ഡോം ഉപയോഗിച്ചു തടയാൻ സാധിച്ചിരുന്നതുപോലെ എളുപ്പമല്ല ഇറാന്റെ സൈനികായുധങ്ങളെ തടുക്കുക എന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇറാൻ നൽകിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ ഇസ്രയേൽവിരുദ്ധ ചേരിയിൽനിന്ന് 1970 കളുടെ മധ്യത്തോടെ ഈജിപ്ത് പിൻവാങ്ങിയതിനുശേഷം ആദ്യമായി ഇസ്രയേൽ ശക്തമായ ഒരു ദേശീയസൈന്യവുമായി നേരിട്ടു കൊമ്പുകോർത്തിരിക്കുകയാണ്.
ഗറില്ലാസൈന്യങ്ങളിൽ നിന്നും മിലിഷ്യ ഗ്രൂപ്പുകളിൽനിന്നും സാധാരണജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലായിരുന്നു ഇതുവരെ ഇസ്രയേലിന്റെ പ്രധാന ശ്രദ്ധ. അതിൽനിന്നു വ്യത്യസ്തമായി, ഇറാൻ ഉയർത്തുന്ന വെല്ലുവിളി പൂർണമായും സൈനികമാണ്. പരസ്പരം സൈനികകേന്ദ്രങ്ങളാണ് ഇരുവരും ആക്രമണങ്ങളിൽ ലക്ഷ്യമാക്കുന്നത്.
ഇറാൻ– യുഎസ് ആണവ ചർച്ചയുടെ അടുത്ത ഘട്ടത്തിനു മുൻപ് യുഎസ് സന്ദർശിക്കുമെന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കിയ ഇസ്രയേൽ അടുത്ത ദിവസം പുലർച്ചെ ഇറാനിലേക്ക് 200 യുദ്ധവിമാനങ്ങൾ അയച്ചു. അതേസമയം, ഇറാനിൽനിന്നുതന്നെ ആയുധങ്ങൾ തൊടുക്കുകയായിരുന്നു അവരുടെ ചാരസംഘടനയായ മൊസാദ്. മാസങ്ങൾ മുൻപേ മൊസാദ് കമാൻഡോകൾ അവിടെയെത്തി താവളങ്ങളൊരുക്കിയിരുന്നു.നേരത്തേ ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചത് മൊസാദ് ആണെന്നു വ്യക്തമായിട്ടും സ്വന്തം മണ്ണിൽ മൊസാദ് ഒരുക്കിയ ആക്രമണപദ്ധതി മുൻകൂട്ടി അറിയാൻ ഇറാനു കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ മൊസാദിന് അന്തിമ അനുമതി കിട്ടി. വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ ആണവ– സൈനിക കേന്ദ്രങ്ങൾ വ്യോമസേന ആക്രമിച്ചപ്പോൾ സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുകയായിരുന്നു മൊസാദ്. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിവിധകേന്ദ്രങ്ങളിൽ ഒളിപ്പിച്ച വാഹനങ്ങളിൽ നിന്നാണ് തൊടുത്തത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുക, വ്യക്തികളെ കൃത്യതയാർന്ന ആക്രമണത്തിലൂടെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. മാസങ്ങളെടുത്ത് പല ഭാഗങ്ങളായി ഇറാനിലെത്തിച്ച ആയുധങ്ങൾ അവിടെവച്ച് കൂട്ടിച്ചേർത്ത് വിന്യസിക്കുകയായിരുന്നു. 2 മൊസാദ് കമാൻഡോകൾ ആയുധങ്ങൾ സജ്ജമാക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.








