ടെഹ്റാൻ : അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ കർശന നടപടികളുമായി ഇറാൻ. ഇടപാടുകളിൽ നിന്ന് അമേരിക്കൻ ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് സ്വയംപര്യാപ്തമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കണമെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ശത്രുരാജ്യങ്ങൾക്ക് മുന്നിൽ ഒരു കാരണവശാലും കീഴടങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
സ്വയംപര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കുന്നതിന് ഡോളറിനെ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിരോധം എന്നത് കേവലം നയപരമായ തീരുമാനം മാത്രമല്ലെന്നും, വിദേശ സാമ്പത്തിക സമ്മർദ്ദങ്ങളെ ചെറുക്കാനും ദീർഘകാല സ്ഥിരത കൈവരിക്കാനുമുള്ള ദേശീയ ചട്ടക്കൂടാണെന്നും മുജ്തബ ഖമനെയി ചൂണ്ടിക്കാണിച്ചു. നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, വിലനിയന്ത്രണം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര ഉൽപ്പാദനം പര്യാപ്തമല്ലാത്ത മേഖലകളിൽ ആവശ്യാനുസരണം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ബുദ്ധിപരമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും അവയെ ഫലപ്രദമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിഘട്ടത്തിൽ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശത്രുരാജ്യങ്ങളുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്നതാണ് സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഖമനെയി പരോക്ഷമായി വിമർശിച്ചു. ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് മേൽ അവർ വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ വരിഞ്ഞുമുറുക്കിക്കൊണ്ട് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുതിയ സാമ്പത്തിക ഉപരോധങ്ങളും യുദ്ധവും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




