ടൊറന്റോ: കാനഡയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) കോൺസ്റ്റബിളായ തരുൺ ബാലി (29) ആണ് മരിച്ചത്. വടക്കൻ ഒന്റാറിയോയിലെ ഹേർസ്റ്റ് എന്ന ചെറുപട്ടണത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു രാജ്യം നടുങ്ങിയ സംഭവം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ, അപകടത്തിന് കാരണക്കാരനായ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു കേസിന്റെ ഭാഗമായി സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതിനിടെ തരുൺ ബാലിയെ പ്രതി ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ഒപിപി കമ്മീഷണർ തോമസ് കാരിക്ക് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ യുവാവിനെതിരെ ഒന്നാം ഡിഗ്രി കൊലപാതകം, അശ്രദ്ധമായി വാഹനമോടിക്കൽ, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതി നടപടികൾ ഉടൻ ആരംഭിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
രണ്ടര വർഷമായി ഒന്റാറിയോ പോലീസിൽ സേവനമനുഷ്ഠിക്കുന്ന തരുൺ ബാലി സെൻട്രൽ ഒന്റാറിയോയിലെ ഡഫറിൻ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ, താൽക്കാലിക ചുമതലയുടെ ഭാഗമായി ജെയിംസ് ബേ വിഭാഗത്തിലേക്ക് മാറ്റിയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. കുട്ടിക്കാലം മുതൽ പോലീസ് യൂണിഫോമിനോട് തരുണിന് പ്രത്യേക താല്പര്യമുണ്ടായിരുന്നുവെന്നും, രണ്ടു വയസ്സുള്ളപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തെ സല്യൂട്ട് ചെയ്യുന്ന തരുണിന്റെ ചിത്രം കുടുംബം പങ്കുവെച്ചതായും കമ്മീഷണർ ഓർമ്മിച്ചു. കൃത്യനിഷ്ഠയുള്ള മികച്ചൊരു സഹപ്രവർത്തകനെയാണ് സേനയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തരുൺ ബാലിയുടെ അപ്രതീക്ഷിത വിയോഗത്തിൽ കാനഡ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി, ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പണയം വെച്ചാണ് പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ സേവനം ചെയ്യുന്നതെന്ന് ഒപിപി അസോസിയേഷൻ പ്രസിഡന്റ് ഡേവിഡ് സബതിനി പറഞ്ഞു. ഒരു മാസം മുൻപ് കോബർഗിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ ഒപിപി സർജൻ ബ്രാൻഡൻ മാൽക്കം കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപാണ് കനേഡിയൻ പോലീസ് സേനയെ പിടിച്ചുലച്ച അടുത്ത ദുരന്ത വാർത്ത പുറത്തുവരുന്നത്.
Indian-origin police officer killed in Canada in road accident, 18-year-old arrested
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










