കാനഡയിലെ സിഖ് വിഘടനവാദികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ഇന്ത്യൻ അധികൃതർ നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും, തെളിവുകളൊന്നും കൈമാറാൻ ഇന്ത്യ ഒരിക്കലും തയ്യാറായിട്ടില്ലെന്ന് കാനഡയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (NSIA) വെളിപ്പെടുത്തി. മുൻ എൻഎസ്‌ഐഎമാരായ റിച്ചാർഡ് ഫാഡൻ, ജോഡി തോമസ്, വിൻസെന്റ് റിഗ്ബി എന്നിവർ ഒരു പാനൽ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ പ്രധാനമന്ത്രിമാരായ ജസ്റ്റിൻ ട്രൂഡോയുടെയും സ്റ്റീഫൻ ഹാർപ്പറിൻ്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഫാഡൻ, താൻ പദവിയിലിരുന്ന കാലയളവിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സിഖ് വിഘടനവാദത്തെക്കുറിച്ചുള്ള ആശങ്കകൾ നിരന്തരം അറിയിച്ചിരുന്നുവെങ്കിലും അവർ ഒരിക്കലും തെളിവുകൾ നൽകിയില്ലെന്ന് പറഞ്ഞു. കാനഡയിലെ നിയമവാഴ്ചയും നടപടിക്രമങ്ങളും അവർക്ക് വിശദീകരിക്കേണ്ടി വന്നുവെന്നും, നിയമനടപടികളിലേക്ക് നീങ്ങാൻ ഇരു രാജ്യങ്ങളും തമ്മിൽ നിയമപാലനപരമായ വിവരങ്ങൾ ഫലപ്രദമായി കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ സിഖ് വിഘടനവാദത്തെ എതിർക്കാത്തതിൻ്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിൻ്റെ സർക്കാരും കാനഡയെ വിമർശിച്ചിരുന്നു. എന്നാൽ, തൻ്റെ കാലയളവിൽ ഇന്ത്യൻ അധികൃതരിൽ നിന്ന് തെളിവുകൾ ലഭിക്കാൻ ബുദ്ധിമുട്ടിയിരുന്നതായി 2022 മുതൽ 2024 വരെ എൻഎസ്‌ഐഎ ആയിരുന്ന ജോഡി തോമസും സമ്മതിക്കുന്നു. ഇന്ത്യയും കാനഡയും തമ്മിൽ ജനാധിപത്യത്തിലെ അവകാശങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. “സിഖ് വിഘടനവാദികൾക്ക് ഇവിടെ പ്രതിഷേധിക്കാൻ അവകാശമുണ്ട്, അത് ഇന്ത്യയിൽ യാതൊരു സ്വാധീനവുമുണ്ടാക്കുന്നില്ല” എന്നും, കാനഡയിൽ വിഘടനവാദ പാർട്ടികൾ പോലും പാർലമെൻ്റിലുണ്ടെന്നും അവർ ഇന്ത്യൻ അധികാരികളെ ഓർമ്മിപ്പിച്ചു. വിൻസെൻ്റ് റിഗ്ബിക്കും സമാനമായ അനുഭവമാണുണ്ടായത്. പ്രതിഷേധങ്ങൾ തടയണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ, കാനഡയിൽ പൗരന്മാർക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിശദീകരിക്കേണ്ടി വന്നു.
കാനഡ-ഇന്ത്യ ബന്ധം വഷളായത് 2023-ലാണ്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ ആരോപണങ്ങൾ ഉണ്ടെന്ന് ട്രൂഡോ പ്രസ്താവിച്ചതോടെയാണിത്. അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ, കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കാനഡ ആരോപണ മുന്നയിച്ചു. എന്നാൽ ഈ ആരോപണങ്ങൾ അസംബന്ധവും അബദ്ധവുമാണെന്നും തെളിവുകളില്ലാത്തതാണ് എന്നും കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് അടുത്തിടെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ തള്ളിക്കളഞ്ഞു. ഈ ആരോപണങ്ങൾക്ക് കാനഡ തെളിവുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞ മുൻ എൻഎസ്‌ഐഎ ജോഡി തോമസ്, ഹൈക്കമ്മീഷണർ തൻ്റെ ജോലി ചെയ്യുകയാണെങ്കിലും അത് യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്ന് പ്രതികരിച്ചു.
കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഇത് ദുർബലമായ ഒരു പ്രക്രിയയായിരിക്കുമെന്ന അഭിപ്രായമാണ് മൂന്ന് മുൻ എൻഎസ്‌ഐഎമാർക്കുമുള്ളത്. കാനഡയിലെ ജി 7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ചതും, വിദേശകാര്യ മന്ത്രി അനിത ആനന്ദ് കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സന്ദർശനം നടത്തിയതും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ചില മേഖലകളിൽ പൊതുവായ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളുമായി ബന്ധം പുനർനിർമ്മിക്കേണ്ടതിൻ്റെ പ്രാധാന്യവും മുൻ സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ച ചെയ്തു.



