ടൊറന്റോ: ടൊറന്റോയിലെ ദി വില്ലേജ് ഓഫ് ഹംബർ ഹൈറ്റ്സ് റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്ന 110-കാരിയായ മേരി റോസയെ കാനഡയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഔദ്യോഗികമായി ആദരിച്ചു. റിട്ടയർമെന്റ് ഹോമിലെ താമസക്കാരും ജീവനക്കാരും പ്രമുഖ അതിഥികളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ അംഗീകാരം. മുമ്പ് ഈ പദവി വഹിച്ചിരുന്ന ബർഡറ്റ് “ബർഡ്” സിസ്ലറുടെ കുടുംബം തയ്യാറാക്കിയ പ്രത്യേക കിരീടവും ചടങ്ങിൽ മേരിക്ക് കൈമാറി.
1915 സെപ്റ്റംബർ 17-നാണ് മേരി റോസ ജനിച്ചത്. അന്ന് കാനഡയിലെ സ്ത്രീകൾക്ക് വോട്ടവകാശം പോലും ലഭിച്ചിരുന്നില്ല. ഒന്നാം ലോകമഹായുദ്ധം, മഹാമാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ), രണ്ടാം ലോകമഹായുദ്ധം, കോവിഡ് മഹാമാരി തുടങ്ങി ചരിത്രത്തിലെ നിരവധി നിർണായക സംഭവങ്ങൾ അവർ നേരിൽ കണ്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് തയ്യൽ തൊഴിലാളിയായും പിന്നീട് ഫോർവുമാനായും സേവനമനുഷ്ഠിച്ചു. ജീവിതത്തിനിടെ കാനഡയിലെ 17 പ്രധാനമന്ത്രിമാരുടെ ഭരണകാലത്തിന് അവർ സാക്ഷിയായി. മൂന്ന് തവണ കോവിഡ്-19 ബാധിച്ചിട്ടും അതിനെ അതിജീവിക്കാനും മേരിക്ക് കഴിഞ്ഞു.

മഹാമാന്ദ്യകാലത്ത് കൗമാരപ്രായം ചെലവഴിച്ചതാണ് മിതവ്യയത്തിന്റെ വലിയ പാഠം ജീവിതത്തിൽ പകർന്നതെന്ന് മകൾ കാതി സിനിസാലോ പറയുന്നു. ഒരു വസ്തുവും പാഴാക്കരുതെന്ന ചിന്തയായിരുന്നു അമ്മയുടെ ജീവിതരീതി. വെണ്ണ പൊതിഞ്ഞ പേപ്പറിൽ ബാക്കിയുണ്ടാകുന്ന വെണ്ണ പോലും എടുത്തുപയോഗിക്കുമായിരുന്നു. വാഹനമോടിക്കുന്നത് മേരിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അച്ഛനെ പോസ്റ്റ് ഓഫീസിൽ ജോലിക്കിറക്കിയ ശേഷം ബന്ധുവീടുകളിലേക്ക് കാറോടിച്ച് പോകാറുണ്ടായിരുന്നുവെന്നും കാതി ഓർക്കുന്നു. ഫാഷനോടും വസ്ത്രധാരണത്തോടുമുള്ള ഇഷ്ടവും ഇന്നും മേരിയിൽ അതേപോലെ നിലനിൽക്കുന്നു. ആദരവ് സ്വീകരിക്കുന്ന ചടങ്ങിന് മുന്നോടിയായി മുടി സുന്ദരമാക്കുന്നതിലായിരുന്നു അവർ.
നീണ്ട ജീവിതം നിരവധി വേർപാടുകളുടെയും സാക്ഷിയാക്കി. ഈ വർഷം മേയിൽ അതേ റിട്ടയർമെന്റ് ഹോമിൽ താമസിച്ചിരുന്ന സഹോദരി വിർജീനിയ ഡെൽ ബ്രോക്കോ 103-ാം വയസ്സിൽ അന്തരിച്ചു. എങ്കിലും ദുഃഖങ്ങൾ മേരിയുടെ ജീവിതവീക്ഷണത്തെ മങ്ങിയില്ല. അധികം സംസാരിക്കാറില്ലെങ്കിലും കണ്ണുകളിലെ തിളക്കത്തിലൂടെ സന്തോഷം പ്രകടിപ്പിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

മുമ്പ് കാനഡയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരുന്ന വ്യക്തിയായിരുന്ന ബർഡ് സിസ്ലറുടെ മകൻ നോർം സിസ്ലർ പറയുന്നത്, തന്റെ പിതാവിനെയും മേരിയെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗുണം ഒന്നും പാഴാക്കാത്ത ജീവിതശൈലിയാണെന്നാണ്. വളഞ്ഞ ആണികൾ പോലും നേരെയാക്കി വീണ്ടും ഉപയോഗിച്ചിരുന്ന തലമുറയായിരുന്നു അവരുടേത്.
അമ്മയെ ഓരോ ദിവസവും കുറച്ചുകൂടി നഷ്ടപ്പെടുന്നതുപോലെ തോന്നുന്നത് ഏറെ വേദനിപ്പിക്കുന്ന അനുഭവമാണെന്ന് മകൾ കാതി പറയുന്നു. “അമ്മയോട് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞോ?” എന്ന ചോദ്യത്തിന് “അതെ, പറഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നായിരുന്നു അവരുടെ മറുപടി. അത് കേട്ട മേരി തലകുലുക്കി സമ്മതിച്ചതും ഹൃദയസ്പർശിയായ നിമിഷമായി.

മേരിയുടെ മകൻ ഡേവ് സിനിസാലോയും കൊച്ചുമകൻ മേസൺ സിനിസാലോയും ഉൾപ്പെടെ നാല് തലമുറകൾ ഇന്ന് ഒരുമിച്ച് ഈ കുടുംബത്തിന്റെ ഭാഗമാണ്. കുടുംബത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാക്കി അതിനെ ചേർത്തുപിടിക്കാനാണ് അമ്മ പഠിപ്പിച്ചതെന്ന് ഡേവ് പറയുന്നു.

ഇത്രയും ദീർഘായുസ്സിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് കാതിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. “എല്ലാവരെയും സ്നേഹിക്കണം. എല്ലാവരും വിലപ്പെട്ടവരാണ്. നിങ്ങൾ എല്ലാവരെയും സ്നേഹിച്ചാൽ അവരും നിങ്ങളെ സ്നേഹിക്കും” എന്നായിരുന്നു ജീവിതം മുഴുവൻ അമ്മ മറ്റുള്ളവരോട് പറഞ്ഞുകൊണ്ടിരുന്നതെന്ന് അവർ പറയുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിനൊടുവിലും ആ സ്നേഹത്തിന്റെ സന്ദേശമാണ് മേരി റോസയുടെ ഏറ്റവും വലിയ പാരമ്പര്യമായി അവശേഷിക്കുന്നത്.
Canada's crown goes to the eyes that have witnessed history; the country's 'oldest' honor at the age of 110.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





