ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവെപ്പ് നടത്തിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന ‘ജാഗ് അർണവ്’ എന്ന കപ്പലിന് നേരെയാണ് ഇറാൻ സൈന്യം വെടിയുതിർത്തത്. ഒമാൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു ഈ ആക്രമണം. ആക്രമണത്തെത്തുടർന്ന് കപ്പലുകൾ സുരക്ഷിതമായി തിരിച്ചയച്ചതായും ജീവനക്കാർക്ക് പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തുദിവസത്തേക്ക് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, യുഎസ് നാവിക ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് മാറ്റിയത്. കടലിടുക്ക് തുറന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ച് പന്ത്രണ്ട് മണിക്കൂറിനുള്ളിലാണ് ഇറാൻ വീണ്ടും അടയ്ക്കൽ പ്രഖ്യാപിച്ചത്. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫാണ് ഹോർമുസ് അടയ്ക്കാനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്.
മേഖലയിലെ ഇറാൻ സേനയുടെ ശക്തമായ നിയന്ത്രണത്തിലായിരിക്കും ഇനി കടലിടുക്ക് എന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. യുഎസ് ഉപരോധം പിൻവലിക്കാത്ത പക്ഷം ഗതാഗതം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം. എണ്ണവില ആഗോളതലത്തിൽ താഴ്ന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ, ലോകത്തെ പ്രധാന എണ്ണ വിതരണ പാതകളിലൊന്നായ ഹോർമുസ് അടയ്ക്കുന്നത് ആഗോള സാമ്പത്തിക മേഖലയെയും ഊർജ്ജ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
Indian ships reverse course in Strait of Hormuz after Iranian gunfire
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



