ട്രിപ്പോളി: ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഊർജ്ജ സുരക്ഷയിൽ കരുത്തുറ്റ ചുവടുവെപ്പുമായി ഇന്ത്യ. വടക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിലെ ഗഡാമെസ് ബേസിനിൽ (Ghadames Basin) വൻ എണ്ണ-വാതക നിക്ഷേപം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ കണ്ടെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്നിവയും അൾജീരിയൻ കമ്പനിയായ സൈപെക്സും (Sipex) ചേർന്നുള്ള സഖ്യമാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ. ലിബിയൻ ദേശീയ എണ്ണ കമ്പനിയായ നാഷണൽ ഓയിൽ കോർപ്പറേഷൻ (NOC) ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ലിബിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന അന്വേഷണത്തിലാണ് ഹൈഡ്രോകാർബണിന്റെ ശക്തമായ സാന്നിധ്യമുള്ള അഞ്ചാമത്തെ എണ്ണപ്പാടം കണ്ടെത്തിയത്. ഇവിടെ നിന്നുള്ള ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങൾ ഉടൻ ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികൾ നടത്തുന്ന ഇത്തരം വിപുലമായ അന്വേഷണങ്ങൾ രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുതിയ നാഴികക്കല്ലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ എണ്ണയ്ക്ക് മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങളും ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ കണ്ടെത്തൽ ഇന്ത്യക്ക് വലിയ ആശ്വാസമാകും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നേരിടുന്ന തടസ്സങ്ങൾ മറികടക്കാൻ ലിബിയയിലെ ഈ പുതിയ സ്രോതസ്സ് സഹായിക്കും. ക്രൂഡ് ഓയിലിനും എൽപിജിക്കും വേണ്ടി മറ്റ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കി, ഇന്ധന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലൂടെ ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ ലഭ്യത ഉറപ്പുവരുത്താൻ ഈ മുന്നേറ്റം ഇന്ത്യയെ പ്രാപ്തമാക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
It doesn't matter if Hormuz is closed or Trump is upset! India has discovered huge oil reserves in Africa




