ദില്ലി : ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇന്ത്യ ഗുരുതരമായ ആശ്രയത്വത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളിൽ ബന്ധങ്ങൾ വഷളായിരിക്കുമ്പോഴും, ബെയ്ജിങ്ങുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഈ വർഷം 1,1200 കോടി ഡോളറായി (112 ബില്യൺ ഡോളർ) ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020-ൽ ഇത് 4,400 കോടി ഡോളറായിരുന്നു. ചൈനയിൽ നിന്നുള്ള വ്യാവസായിക ഇറക്കുമതിയുടെ 30 ശതമാനത്തിലധികവും നിലവിൽ ഇന്ത്യയിലേക്കാണ് എത്തുന്നത്.
കളിപ്പാട്ടങ്ങളുടെ കാര്യത്തിൽ മാത്രം ഇന്ത്യ താരിഫ് ഉയർത്തിയും ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമാക്കിയും ചൈനീസ് സ്വാധീനം കുറയ്ക്കുന്നതിൽ വിജയിച്ചു. 2020-ൽ ഏകദേശം 30 കോടി ഡോളറിലധികം ഉണ്ടായിരുന്ന ഇറക്കുമതി ഈ വർഷം 10 കോടി ഡോളറായി കുറഞ്ഞപ്പോൾ, കയറ്റുമതി 12.9 കോടി ഡോളറിൽ നിന്ന് 20 കോടി ഡോളറായി ഉയർന്നു. എന്നാൽ ഈ മേഖല ഒഴിച്ചാൽ മറ്റ് പല വ്യവസായങ്ങളിലും ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം വർധിക്കുകയാണുണ്ടായത്.
ഇലക്ട്രിക്കൽ യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, കെമിക്കലുകൾ, പ്ലാസ്റ്റിക് എന്നിവയ്ക്കായി ഇന്ത്യ ഇപ്പോഴും ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഐഫോണുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിൽ ഇന്ത്യ മുന്നേറുന്നുണ്ടെങ്കിലും, ഇതിനാവശ്യമായ ഘടകഭാഗങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് തങ്ങളുടെ അധിക ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ചൈന മറ്റ് വിപണികളിലേക്ക് എത്തിക്കുന്നതും വെല്ലുവിളിയാണ്.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ ഘടനാപരമായ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വ്യവസായമേഖല ചൈനീസ് ഇറക്കുമതിയിൽ ഇത്രയധികം വേരോട്ടം കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രശ്നത്തിന് പെട്ടെന്നൊരു പരിഹാരം കാണുക എളുപ്പമായിരിക്കില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഉത്പാദന മേഖല കൂടുതൽ ശക്തമാക്കലും പ്രാദേശികമായി ഘടകഭാഗങ്ങൾ നിർമ്മിക്കലുമാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പോംവഴിയെന്ന് ആഗോള വ്യാപാര-ഗവേഷണ സംരംഭമായ ജി.ടി.ആർ.ഐയുടെ അജയ് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. ആഭ്യന്തര നിർമ്മാണ രംഗം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ചൈനീസ് ഇറക്കുമതിയിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും കയറ്റുമതി ഉയർത്താനും സാധിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





