ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഒരു പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ദേശീയ പതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ബുധനാഴ്ച ശ്രീനഗറിലെ കാശ്മീർ ഹാറ്റിൽ സംഘടിപ്പിച്ച ‘നോ യുവർ ആർട്ടിസാൻ’ എന്ന പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സംഭവം. ഉദ്ഘാടനത്തിനായി തയ്യാറാക്കിയ റിബൺ ദേശീയ പതാകയുടെ നിറങ്ങളിലുള്ളതാണെന്ന് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, അത് മുറിക്കുന്നത് പതാകയോടുള്ള അനാദരവാകുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് റിബൺ മുറിക്കാതെ അഴിച്ചുമാറ്റാൻ അദ്ദേഹം സംഘാടകർക്ക് നിർദ്ദേശം നൽകി.
അഴിച്ചുമാറ്റിയ റിബൺ ആദരവോടെ മടക്കി സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പതാകയോടുള്ള മുഖ്യമന്ത്രിയുടെ ഈ നിലപാടിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നടപടിയെ നിരവധി പേർ പ്രശംസിച്ചപ്പോൾ, ഔദ്യോഗിക ചടങ്ങുകളിൽ ഇത്തരം റിബണുകൾ ഉപയോഗിച്ച സംഘാടകരുടെ വീഴ്ചയെ ചിലർ വിമർശിക്കുകയും ചെയ്തു.
കശ്മീരിലെ പ്രാദേശിക കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘സൗൾഫുൾ കാശ്മീർ’ കാമ്പയിന്റെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. സംഭവത്തെത്തുടർന്ന് ചടങ്ങുകളിൽ ദേശീയ ചിഹ്നങ്ങളും നിറങ്ങളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യത്തെക്കുറിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'I can't cut this'; Jammu and Kashmir CM refuses to cut the ribbon in the colours of the national flag


