ഒന്റാറിയോ: ഒന്റാറിയോയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഫെഡറൽ സർക്കാർ സ്റ്റഡി പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 90,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഒന്റാറിയോയ്ക്ക് നഷ്ടമായത്. 2023-2024 വർഷത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഒന്റാറിയോയിൽ റെക്കോർഡ് നിലയിൽ എത്തിയിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ ഇത് 2021-2022 കാലഘട്ടത്തേക്കാൾ താഴേക്ക് പോകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പ്രാഥമിക കണക്കുകൾ പ്രകാരം 2025-2026 അധ്യയന വർഷത്തിൽ ഒന്റാറിയോയിൽ 2023-2024 വർഷത്തെ അപേക്ഷിച്ച് 92,000 അന്താരാഷ്ട്ര വിദ്യാർത്ഥികൾ കുറയാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 36 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2024 മുതലാണ് ഫെഡറൽ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കാനഡയിലെ ആകെ ജനസംഖ്യയുടെ 39 ശതമാനം മാത്രമുള്ള ഒന്റാറിയോയിലാണ് രാജ്യത്തെ 54 ശതമാനം അന്താരാഷ്ട്ര വിദ്യാർത്ഥികളും പഠിക്കുന്നത്.
വിദ്യാർത്ഥികളുടെ കുറവ് കാനഡയിലുടനീളം പ്രകടമാണെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ചത് ഒന്റാറിയോയെയാണ്. അറ്റ്ലാന്റിക് കാനഡയിൽ 26 ശതമാനവും, ക്യൂബെക്കിൽ 14 ശതമാനവും, പ്രയറി പ്രവിശ്യകളിൽ 17 ശതമാനവും, ബ്രിട്ടീഷ് കൊളംബിയയിൽ 24 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫെഡറൽ നയങ്ങളുമായി പൊരുത്തപ്പെടാൻ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024-ൽ പ്രതീക്ഷിച്ചതിന്റെ പകുതിയിൽ താഴെ സ്റ്റഡി പെർമിറ്റുകൾക്ക് മാത്രമാണ് ഇമിഗ്രേഷൻ വകുപ്പ് അംഗീകാരം നൽകിയതെന്ന് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ ഇടിവ് ഒന്റാറിയോയിലെ പല കോളേജുകളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജോർജ്ജ് ബ്രൗൺ പോളിടെക്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നതായി അറിയിച്ചു. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനത്തെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും, വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന രീതി മാറണമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സാമ്പത്തിക സമ്മർദ്ദങ്ങളെത്തുടർന്ന് ഒന്റാറിയോയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗ് വർദ്ധിപ്പിക്കാനും ട്യൂഷൻ ഫീസ് മരവിപ്പിക്കുന്നത് അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Huge drop in international student numbers in Ontario: Statcan report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



