മക്ക: മക്കയ്ക്ക് സമീപം ഹൂതികളുടെ ഡ്രോൺ തകർത്ത് സൗദി സഖ്യസേന. മക്കയുടെ നിരോധിത വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് യെമനിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യ വക്താവ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡ്രോൺ തടഞ്ഞത്. 2017 ജൂലൈയിലെ ബാലസ്റ്റിക് മിസൈൽ ആക്രമണ ശ്രമത്തിന് ശേഷം മക്കയെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ഹൂതി നീക്കമാണിതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ-മാലികി വ്യക്തമാക്കി. മേഖലയിൽ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ സംഭവം.
ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളും വാർഷിക ഹജ്ജ് തീർത്ഥാടനത്തിന്റെ കേന്ദ്രവുമായ മക്കയുടെ സുരക്ഷ തങ്ങളുടെ ‘ചുവപ്പ് കോടാണെന്ന്’ അൽ-മാലികി ഊന്നിപ്പറഞ്ഞു. എന്നാൽ മക്കയെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഹൂതി വക്താക്കളുടെ നിലപാട്. എന്നാൽ ആരോപണം പച്ചക്കള്ളമാണെന്ന് ഹൂതി രാഷ്ട്രീയ ബ്യൂറോ അംഗം മുഹമ്മദ് അൽ-ഫറഹ് പ്രതികരിച്ചു.
കഴിഞ്ഞ ആറുമാസമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധം ആഗോള ഊർജ വിപണിയെയും സമുദ്രഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ചുരുങ്ങിയ സാഹചര്യത്തിൽ, യെമന്റെ ചെങ്കടൽ തീരത്തിന്റെ ഭാഗങ്ങൾ നിയന്ത്രണത്തിലാക്കിയ ഹൂതികൾ സൗദിയുടെ എണ്ണ കയറ്റുമതിക്ക് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ സ്രോതസ്സുകളിലൊന്നായ കിഴക്കൻ-പടിഞ്ഞാറൻ പൈ്പലൈന് നേരെ കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് പൈ്പലൈൻ അടച്ചുപൂട്ടിയെങ്കിലും, ദിവസങ്ങൾക്കകം ക്രൂഡ് ഓയിൽ ഒഴുക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. 2015 മുതൽ ഹൂതികൾക്കെതിരായ സഖ്യത്തിന് സൗദി അറേബ്യ നേതൃത്വം നൽകിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








