ഓട്ടവ: കാനഡയിൽ വിതരണം ചെയ്ത പ്രമുഖ ജനറിക് അസറ്റാമിനോഫെൻ മരുന്നിന്റെ ഒരു ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ആരോഗ്യ ഏജൻസിയായ ഹെൽത്ത് കാനഡ അറിയിച്ചു. ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ടൊറന്റോയിലെ ടെവ കാനഡ ലിമിറ്റഡ് വിപണിയിലിറക്കിയ ‘നോവോ-ജെസിക് ഫോർട്ടെ 500 എം.ജി’ എന്ന മരുന്നാണ് തിരിച്ചുവിളിച്ചത്. മരുന്നിൽ പ്ലാസ്റ്റിക് അംശങ്ങളായ ഫിനോളിക് റെസിൻ, എപ്പോക്സി എന്നിവ കലർന്നിരിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സെപ്റ്റംബർ 11-ന് ഈ നിർണായക നടപടി സ്വീകരിച്ചത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മരുന്നിൽ കലർന്ന ഹാനികരമായ വസ്തുക്കൾ ഉള്ളിൽ ചെന്നാൽ ദഹന പ്രക്രിയയ്ക്ക് ഗുരുതര പരിക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 1,000 ഗുളികകൾ അടങ്ങിയ വലിയ കുപ്പികളിലായാണ് ഈ മരുന്ന് ഫാർമസികൾക്ക് നൽകിയിരുന്നത്. ഫാർമസികളിൽ നിന്ന് രോഗികൾക്ക് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്തതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ നിർമാതാക്കളായ കമ്പനി സ്വീകരിക്കുന്ന തിരുത്തൽ നടപടികൾ ഹെൽത്ത് കാനഡ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരുകയാണ്. മറ്റ് തകരാറുകൾ വല്ലതും ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നടപടിയെടുത്ത് പൊതുജനങ്ങളെ അറിയിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
Also Read: അമേരിക്ക-കാനഡ വ്യാപാര തർക്കം 19-ാം മാസത്തിലേക്ക്; ഒത്തുതീർപ്പ് വൈകുമെന്ന് മുന്നറിയിപ്പ്
ഈ മരുന്ന് കൈവശമുള്ളവർ അത് ഉപയോഗിക്കുന്നത് ഉടൻ നിർത്തണം. വാങ്ങിയ ഫാർമസിയിൽ മരുന്ന് തിരികെ നൽകാനോ അല്ലെങ്കിൽ സുരക്ഷിതമായി നശിപ്പിച്ചു കളയാനോ നിർദേശമുണ്ട്. മരുന്ന് കഴിച്ചവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡോക്ടറെ കാണണം. പരാതികൾ അറിയിക്കാൻ ടെവ കാനഡ കസ്റ്റമർ കെയർ സൗകര്യവും ലഭ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









