ഗർഭകാലത്ത് ടൈലനോൾ (അസെറ്റാമിനോഫെൻ) ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസം സാധ്യത വർധിപ്പിക്കുമെന്ന അവകാശവാദം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നയിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി ഹെൽത്ത് കാനഡ രംഗത്ത്. ഗർഭകാലത്ത് വേദനയ്ക്കും പനിക്കും ഡോക്ടറുടെ നിർദേശപ്രകാരം ടൈലനോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും, ഇത് ഓട്ടിസത്തിന് കാരണമാകുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകൾ പതിറ്റാണ്ടുകളായി സുരക്ഷിതമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണിത്. പനിയും വേദനയും ചികിത്സിക്കാതെ വെക്കുന്നത് ഗർഭസ്ഥ ശിശുവിന് അപകടമുണ്ടാക്കുമെന്നും അതിനാൽ ആവശ്യത്തിനനുസരിച്ച് മരുന്ന് ഉപയോഗിക്കണമെന്നും അവർ അറിയിച്ചു.
ട്രംപിന്റെ പ്രസ്താവനയ്ക്ക് ശാസ്ത്രീയപരമായ അടിത്തറയില്ലെന്ന് വിദഗ്ധർ പറയുന്നു. ടൈലനോൾ നിർമ്മാതാക്കളായ കെൻവ്യൂവും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. കാനഡയിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘സൊസൈറ്റി ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് ഓഫ് കാനഡ’ (SOGC) ടൈലനോൾ ഉപയോഗം ഓട്ടിസം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. പുതിയ ശാസ്ത്രീയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ലേബലുകൾ പുതുക്കാനും ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകാനും തയ്യാറാണെന്ന് ഹെൽത്ത് കാനഡ കൂട്ടിച്ചേർത്തു.
ഈ വാദങ്ങളെ പിന്തുണച്ച് അമേരിക്കൻ ആരോഗ്യ സെക്രട്ടറിയും വാക്സിൻ വിമർശകനുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയറും രംഗത്തെത്തിയിരുന്നു. വാക്സിനുകളും ഓട്ടിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുൻപുള്ള വിവാദങ്ങൾക്ക് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ട്രംപിന്റെ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഓട്ടിസത്തിന് ഒറ്റ കാരണം മാത്രമില്ലെന്നും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ഒരുമിച്ച് ഇതിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Does Tylenol cause autism? Health Canada disputes Trump's claims





