ഹാലിഫാക്സ്: ഹാലിഫാക്സിൽ രണ്ട് വർഷമായി നടക്കുന്ന ഇ-സ്കൂട്ടർ, ഇ-ബൈക്ക് പദ്ധതി അവസാന ഘട്ടത്തിലേക്ക്. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യമായ ഈ പദ്ധതിയിൽ സുരക്ഷ കൂട്ടാൻ നഗരസഭയും ‘ബേർഡ് കാനഡ’ കമ്പനിയും കർശന നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. കാൽഗറിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള രണ്ടാമത്തെ സ്ഥലമായി ഹാലിഫാക്സ് മാറിയ പശ്ചാത്തലത്തിലാണ് ഈ നടപടി. ഏകദേശം 600 ഇ-ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇവിടെ സർവീസ് നടത്തുന്നത്.
ഇ-സ്കൂട്ടർ പദ്ധതി ജനങ്ങൾ വൻതോതിൽ ഏറ്റെടുത്തെങ്കിലും, നടപ്പാതകളിലെ തോന്നിയപോലെയുള്ള പാർക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും വലിയ പ്രശ്നമാകുന്നുണ്ട്. നടപ്പാതകളിലൂടെ സ്കൂട്ടർ ഓടിക്കുന്നത് നിയമപരമായി നിരോധിച്ചതാണ്. സാധാരണ റോഡുകളിൽ മണിക്കൂറിൽ 25 കിലോമീറ്ററിലും, ആളുകൾ നടക്കുന്ന പൊതുവഴികളിൽ 15 കിലോമീറ്ററിലും കൂടുതൽ വേഗത പാടില്ലെന്ന് പ്രോജക്ട് മാനേജർ ബ്രിട്ട്‌നി മക്ലീൻ അറിയിച്ചു.
ഇ-സ്കൂട്ടറുകൾ വലിയൊരു വിഭാഗം ജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണെങ്കിലും കാൽനടയാത്രക്കാർ ആശങ്ക പങ്കുവെക്കുന്നുണ്ട്. വാഹനങ്ങൾ നടപ്പാതകളിൽ തടസ്സമായി കിടക്കുന്നതും ഹെൽമെറ്റ് ധരിക്കാതെ അമിതവേഗതയിൽ ഓടിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. വഴിയിൽ കിടക്കുന്ന വാഹനങ്ങൾ മാറ്റാൻ പ്രത്യേക പട്രോളിംഗ് ടീം പ്രവർത്തിക്കുന്നുണ്ട്.
ഡ്രൈവർമാരുടെ പെരുമാറ്റം വിലയിരുത്താൻ ബേർഡ് കാനഡ റൈഡർ റേറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത വേഗത, നടപ്പാതയിലൂടെയുള്ള യാത്ര, പെട്ടെന്നുള്ള ബ്രേക്കിംഗ് എന്നിവ ട്രാക്ക് ചെയ്ത് ഉപയോക്താക്കളുടെ സ്കോർ കുറയ്ക്കുകയും, അത് തുടർന്നാൽ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കുകയും ചെയ്യും. ജനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പദ്ധതി മെച്ചപ്പെടുത്താൻ കൂടുതൽ നിയുക്ത പാർക്കിംഗ് സ്ഥലങ്ങൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Also Read : എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 ഒക്ടോബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
പൈലറ്റ് പ്രോജക്റ്റിന്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതോടെ പദ്ധതിയുടെ ഭാവി പുനഃപരിശോധിച്ച് അടുത്ത ഘട്ടങ്ങൾ തീരുമാനിക്കാൻ ഹാലിഫാക്സ് റീജിയണൽ കൗൺസിൽ യോഗം ചേരും. കൂടുതൽ എക്സ്പ്ലോർ ബൈക്കുകൾ അവതരിപ്പിച്ച് പദ്ധതി വിപുലീകരിക്കാനാണ് ബേർഡ് കാനഡ ലക്ഷ്യമിടുന്നത്. നഗര ഗതാഗതത്തിന് ഇവ നൽകിയ സംഭാവനകളും ഉയർന്നുവന്ന സുരക്ഷാ പ്രശ്നങ്ങളും കൗൺസിൽ സമഗ്രമായി വിലയിരുത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





