ടൊറന്റോ: അമേരിക്കയിൽ പ്രായമായവരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന ഇന്ത്യൻ പൗരൻ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ ജയ് സുനിൽഭാരതി ഗോസ്വാമി ആണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കനേഡിയൻ അധികൃതരുടെ പിടിയിലായത്. യു.എസ് നൽകിയ അടിയന്തര അറസ്റ്റ് അപേക്ഷയെ തുടർന്നായിരുന്നു നടപടി. 7.5 മില്യൺ യു.എസ് ഡോളറിന്റെ (ഏകദേശം 62 കോടിയിലധികം രൂപ) തട്ടിപ്പാണ് ഇയാൾ നടത്തിയത്.
ന്യൂജേഴ്‌സിയിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ വയർ ഫ്രോഡ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യു.എസ് നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ബാങ്ക് അക്കൗണ്ടുകൾ അപകടത്തിലാണെന്ന് ഭയപ്പെടുത്തി 59 നും 87 നും ഇടയിൽ പ്രായമുള്ള ആളുകളെക്കൊണ്ട് സമ്പാദ്യം മുഴുവൻ പണമായോ തങ്കമായോ മാറ്റിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ശേഖരിക്കുന്ന പണവും സ്വർണവും നേരിട്ട് കൈപ്പറ്റുന്ന ‘മണി മ്യൂൾ’ ആയിട്ടാണ് ഗോസ്വാമി പ്രവർത്തിച്ചിരുന്നത്.
കേസിൽ ഈ മാസം 17-ന് യു.എസ് കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പീസ് ബ്രിഡ്ജ് വഴി കാനഡയിലേക്ക് കടന്ന ഗോസ്വാമി, ടൊറന്റോയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് വിമാനത്താവളത്തിൽ വെച്ച് കുടുങ്ങിയത്.
ആദ്യം ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചതിനാണ് കനേഡിയൻ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് യു.എസ് സമർപ്പിച്ച കൈമാറ്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വിട്ടുനൽകുന്നതിനായി യു.എസ് നീതിന്യായ വകുപ്പിന്റെ അന്താരാഷ്ട്ര കാര്യ വിഭാഗവും കനേഡിയൻ അധികൃതരും ചേർന്നുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




