കാനഡയിലെ ഫെഡറൽ പ്രൈവസി കമ്മീഷണറുടെ ‘റൈറ്റ് ടു ബി ഫോർഗോട്ടൻ’ എന്ന നിയമപരമായ തീരുമാനത്തെ അനുസരിക്കാൻ വിസമ്മതിച്ച് ഗൂഗിൾ. കനേഡിയൻ നിയമമനുസരിച്ച്, ചില വ്യക്തിഗത വിവരങ്ങൾ ഒരാളുടെ പേര് ഉപയോഗിച്ചുള്ള ഓൺലൈൻ തിരച്ചിലുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. എന്നാൽ ഈ നിയമം അനുസരിച്ച് ചില വിവരങ്ങൾ നീക്കം ചെയ്യാനുള്ള തങ്ങളുടെ ബാധ്യത ഗൂഗിൾ പൂർത്തിയാക്കിയിട്ടില്ലെന്ന് പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡഫ്രെസ്നെ വ്യക്തമാക്കി. ഒരു ക്രിമിനൽ കേസ് സംബന്ധിച്ച വാർത്തകൾ ഒഴിവാക്കാനാണ് കമ്മീഷണർ ഗൂഗിളിനോട് ശുപാർശ ചെയ്തത്.
ഈ വ്യക്തിയുടെ പേര് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ നിന്ന് ഈ പ്രത്യേക ലേഖനങ്ങൾ ഒഴിവാക്കാൻ ഗൂഗിൾ തയ്യാറാകുന്നില്ലെന്ന് കമ്മീഷണറുടെ ഓഫീസ് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമം നടപ്പാക്കുന്നതിൽ ഗൂഗിളിന്റെ സഹകരണം ഉറപ്പാക്കാൻ ലഭ്യമായ എല്ലാ വഴികളും ആലോചിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഗൂഗിളിന്റെ സേർച്ച് എൻജിന് ഫെഡറൽ സ്വകാര്യതാ നിയമം ബാധകമാണോ എന്നതിനെ ചോദ്യം ചെയ്ത് 2017 മുതലാണ് ഈ കേസ് ആരംഭിച്ചത്. 2023-ൽ ഫെഡറൽ കോടതി ഗൂഗിളിന്റെ അപ്പീൽ തള്ളിക്കൊണ്ട് വ്യക്തികളുടെ ഡിജിറ്റൽ ‘റൈറ്റ് ടു ബി ഫോർഗോട്ടൻ’ എന്ന അവകാശം അംഗീകരിച്ചു.
വളരെ പരിമിതമായ സാഹചര്യങ്ങളിൽ മാത്രമാണ് ഈ അവകാശം ബാധകമാവുകയെന്ന് കമ്മീഷണർ പറഞ്ഞു. ഒരു വ്യക്തിക്ക് ഗുരുതരമായ ദോഷങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ, പ്രത്യേകിച്ച് അവരുടെ സുരക്ഷയ്ക്കും അഭിമാനത്തിനും ഭീഷണിയുണ്ടെങ്കിൽ, അവരുടെ പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരച്ചിൽ ഫലങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ കേസിൽ, വ്യക്തിക്ക് സാമൂഹികമായ അവഹേളനം, ജോലി നഷ്ടം, ശാരീരിക ആക്രമണം തുടങ്ങിയ ദോഷങ്ങൾ നേരിടേണ്ടി വന്നു. അതിനാൽ, ഈ വിവരങ്ങൾ ഓൺലൈനിൽ തുടരുന്നത് പൊതുതാത്പര്യത്തേക്കാൾ വ്യക്തിഗത സുരക്ഷയെയാണ് ബാധിക്കുകയെന്നും കമ്മീഷണർ വ്യക്തമാക്കി. ലേഖനം പൂർണ്ണമായി നീക്കം ചെയ്യുന്നതിന് പകരം വ്യക്തിയുടെ പേരുമായി ബന്ധപ്പെട്ട തിരച്ചിൽ ഫലങ്ങളിൽ നിന്ന് മാത്രം നീക്കം ചെയ്യാനാണ് ശുപാർശ നൽകിയത്.
Google will not comply with the 'Right to be Forgotten' law; takes a tough stance



