ജറുസലേം : ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരസ്യ ഏജൻസിയായ ഡിസ്‌കവർ ടെക് ഓൺലൈൻ പരസ്യങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കനേഡിയൻ സൈബർ ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബ്, ന്യൂയോർക്കിലെ പരസ്യ സുരക്ഷാ സ്ഥാപനമായ കോൺഫിയന്റ് എന്നിവർ നടത്തിയ സംയുക്ത പഠനത്തിലാണ് വിവര ചോർച്ച പുറത്തുവന്നത്. പരസ്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കമ്പനി ഹാക്ക് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ അടക്കമുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഡിസ്‌കവർ ടെകിനെ വിലക്കി.
സ്മാർട്ട്‌ഫോണുകളുടെയും ഇയർപോഡുകളുടെയും ആകർഷകമായ പരസ്യങ്ങളുടെ മറവിലായിരുന്നു കമ്പനി വ്യാപകമായി ചാരപ്രവർത്തനം നടത്തിയത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വെബ്‌സൈറ്റുകളിലും എഴുപത്തഞ്ചായിരത്തിലധികം മൊബൈൽ ആപ്പുകളിലുമായി പ്രതിദിനം ഒരു കോടിയോളം പരസ്യങ്ങളാണ് ഡിസ്‌കവർ ടെക് ലോകമെമ്പാടും പ്രചരിപ്പിച്ചിരുന്നത്. ഉപയോക്താക്കൾ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ പോലും അവരുടെ ഫോൺ നമ്പറുകൾ, കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, ഉപകരണം സംബന്ധിച്ച ഡാറ്റ എന്നിവ രഹസ്യമായി ചോർത്താൻ ഈ സാങ്കേതികവിദ്യയിലൂടെ ഇവർക്ക് കഴിഞ്ഞിരുന്നു.
അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ ഇസ്രയേലി സ്പൈവെയർ നിർമ്മാണ കമ്പനിയായ ‘കാൻഡിറു’വിനും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്കും വേണ്ടിയാണ് ഈ വിവരശേഖരണം നടന്നതെന്നാണ് പ്രധാന ആരോപണം. ഗൂഗിൾ, കോംകാസ്റ്റ്, റഷ്യൻ കമ്പനിയായ യാൻഡെക്സ് തുടങ്ങിയ വൻകിട പ്ലാറ്റ്‌ഫോമുകളുടെ നെറ്റ്‌വർക്കിലേക്ക് കടന്നുകയറാൻ ഡിസ്‌കവർ ടെക് സൗകര്യമൊരുക്കി. പ്രമുഖ മാധ്യമസ്ഥാപനമായ അൽ ജസീറയുടെ 45 വിൻഡോസ് സിസ്റ്റങ്ങളിൽ 2024-25 കാലയളവിൽ ഇത്തരത്തിൽ പരസ്യങ്ങളുടെ മറവിൽ കാൻഡിറു സ്പൈവെയർ കടത്തിവിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകരാജ്യങ്ങളുടെ പ്രതിരോധ-നയതന്ത്ര ശൃംഖലകളെപ്പോലും ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ പ്രവർത്തനം. യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി), അന്താരാഷ്ട്ര ആണവോർജ ഏജൻസി എന്നിവയുടെ നെറ്റ്‌വർക്കുകളിലേക്ക് ഇവർ പരസ്യങ്ങൾ കടത്തിവിട്ടിരുന്നു. ഇതിനുപുറമെ യുഎൻ, നാറ്റോ, യൂറോപ്യൻ കമ്മീഷൻ, വൻകിട ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ, ബ്രോഡ്‌കോം എന്നിവയും ഇവരുടെ നിരീക്ഷണ വലയത്തിലായിരുന്നു. പലസ്തീൻ മേഖലകളിലെ സകല വെബ്‌സൈറ്റുകളിലും ദിവസേന ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
വ്യാപകമായ വിവരചോർച്ചയും സുരക്ഷാഭീഷണിയും സ്ഥിരീകരിച്ചതോടെ ഡിസ്‌കവർ ടെകിനെ തങ്ങളുടെ പരസ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഗൂഗിൾ പൂർണമായും പുറത്താക്കി. കൂടാതെ കോംകാസ്റ്റിന്റെ ബീസ്വാക്‌സ്, ഐഐബി യൂറോപ്പ് തുടങ്ങിയ ആഗോള സാങ്കേതിക സ്ഥാപനങ്ങളും കമ്പനിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ലോകത്തെ പരസ്യ ശൃംഖലകളെ ആയുധമാക്കി നടത്തിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചാരപ്രവർത്തനങ്ങളില ഒന്നായാണ് സൈബർ സുരക്ഷാ വിദഗ്ധർ ഇതിനെ കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




