ഗ്ലാസ്ഗോ: സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടക്കം 39 മെഡലുകൾ നേടി പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി. 171 മെഡലുകൾ വാരിക്കൂട്ടിയ ഓസ്ട്രേലിയയാണ് മെഡൽവേട്ടയിൽ ഒന്നാമതെത്തിയത്. 110 മെഡലുകളുമായി ഇംഗ്ലണ്ടും 62 മെഡലുകളുമായി കാനഡയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഗ്ലാസ്ഗോയിലെ ഒവോ ഹൈഡ്രോ അരീനയിൽ സംഗീതവും നൃത്തവും കോർത്തിണക്കിയ വർണാഭമായ സമാപനച്ചടങ്ങാണ് അരങ്ങേറിയത്. ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകരായ കാമി ബാൺസ്, സാൻഡി ടോം തുടങ്ങിയവരുടെ സംഗീതവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയിൽ നിന്ന് പ്രശസ്ത സംഗീതജ്ഞൻ ശങ്കർ മഹാദേവൻ, സിതാർ വാദകൻ ഋഷഭ് ശർമ, ഗായിക ഭൂമി ത്രിവേദി എന്നിവരും വേദിയിലെത്തി. സ്വർണ്ണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്.
കോമൺവെൽത്ത് ഗെയിംസിന്റെ അടുത്ത പതിപ്പിന് 2030-ൽ ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദിലാണ് 2030 ഗെയിംസ് നടക്കുക. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ആതിഥേയത്വം ഇന്ത്യയിലേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്. ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ഔദ്യോഗിക പതാകയും ബാറ്റണും ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏറ്റുവാങ്ങി.
Glasgow Commonwealth Games concludes; India ranks fourth in medal tally, will now host Ahmedabad in 2030
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




