ഐൻഹോവൻ: ആണവോർജ്ജ ഉൽപാദന രംഗത്ത് വൻ നാഴികക്കല്ലാകാവുന്ന പുതിയ സാങ്കേതികവിദ്യയുമായി നെതർലൻഡ്‌സ്. ആണവ നിലയങ്ങളിൽ നിന്നുണ്ടാകുന്ന അപകടകരമായ റേഡിയോ ആക്ടീവ് മാലിന്യങ്ങളെ വീണ്ടും ഇന്ധനമാക്കി മാറ്റി ഊർജം ഉൽപാദിപ്പിക്കുന്ന അത്യാധുനിക ആണവ റിയാക്ടറിന്റെ പരീക്ഷണശാല നെതർലൻഡ്സിലെ ഐൻഹോവൻ ഹൈടെക് ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു.
യൂറോപ്യൻ ക്ലൈമറ്റ് ആൻഡ് ഗ്രീൻ ഗ്രോത്ത് കമ്മീഷണർ വോപ്കെ ഹൂക്‌സ്ട്രയാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവ്വഹിച്ചത്. റഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെ ഇന്ധനത്തിനായി ആശ്രയിക്കാതെ, ഊർജ സുരക്ഷയിൽ യൂറോപ്പിനെ സ്വയംപര്യാപ്തമാക്കുകയാണ് ‘തൊറൈസോൺ വൺ’ (Thorizon One) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റിന്റെ പ്രധാന ലക്ഷ്യം.
യൂറോപ്പിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ‘മോൾട്ടൻ സാൽറ്റ് റിയാക്ടർ’ (ദ്രവീകൃത ഉപ്പ് റിയാക്ടർ) ആയിരിക്കും ഇത്. പരമ്പരാഗത ആണവനിലയങ്ങളിൽ യുറേനിയം ഇന്ധനം ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന അവശിഷ്ടങ്ങൾ നൂറ്റാണ്ടുകളോളം ദോഷകരമായ റേഡിയേഷൻ പുറപ്പെടുവിക്കുന്നവയാണ്.
എന്നാൽ തൊറൈസോൺ വൺ റിയാക്ടറുകളിലെ പ്രത്യേക സാങ്കേതികവിദ്യയ്ക്ക് ഈ ആണവമാലിന്യങ്ങളെ സുരക്ഷിതമായി ഉൾക്കൊള്ളാനും, അവയിലെ അവശേഷിക്കുന്ന റേഡിയോ ആക്ടീവ് ഘടകങ്ങളെ വീണ്ടും വിഘടിപ്പിച്ച് ഇന്ധനമായി പുനരുപയോഗിക്കാനും കഴിയും. കൂടാതെ, പരമ്പരാഗത രീതിയിൽ വെള്ളത്തിന് പകരം ദ്രവരൂപത്തിലുള്ള ഉപ്പാണ് തണുപ്പിക്കാനായി ഉപയോഗിക്കുന്നത് എന്നതിനാൽ മർദ്ദം ക്രമാതീതമായി ഉയർന്ന് പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഇതിൽ പൂർണ്ണമായും ഇല്ലാതാകുന്നു.
ഏകദേശം 80 ലക്ഷം യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പരീക്ഷണ പ്രൊജക്റ്റ് വിജയകരമാകുന്നതോടെ, 2034ഓടെ നെതർലൻഡ്സിലെ സീലാൻഡ് പ്രവിശ്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ റിയാക്ടർ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം രണ്ടര ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടാകും. ഇതിനു പുറമേ വ്യവസായശാലകൾക്ക് ആവശ്യമായ വൻതോതിലുള്ള താപ ഊർജവും, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ഹൈഡ്രജൻ ഇന്ധനവും വളരെ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Fuel from nuclear waste; Netherlands to produce pollution-free energy
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





