ഫ്രാൻസ്: ഇന്ത്യയിൽ നിന്ന് യൂറോപ്പുകാർക്ക് പഠിക്കാവുന്ന 11 കാര്യങ്ങൾ ചൂണ്ടിക്കാണിച്ച ഫ്രഞ്ച് യോഗ പരിശീലകയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. യോഗയ്ക്കും കളരിപ്പയറ്റിനുമായി ഇന്ത്യയിലെത്തിയ റോസെയ്ൻ എന്ന ഫ്രഞ്ച് യുവതിയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഇന്ത്യ തികഞ്ഞതാണെന്നോ ഒരു സംസ്കാരം മറ്റേതിനേക്കാൾ മികച്ചതാണെന്നോ താൻ പറയുന്നില്ലെന്നും, എന്നാൽ ഇന്ത്യയിൽ നിന്ന് താൻ ഉൾക്കൊണ്ട ചില നല്ല ശീലങ്ങൾ തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്നും അവർ വ്യക്തമാക്കി.
യൂറോപ്പിലെ അതിരൂകമായ സ്വതന്ത്ര ജീവിതരീതിക്ക് വിപരീതമായി, ഇന്ത്യയിൽ ശക്തമായ ഒരു സമൂഹബോധവും കൂട്ടായ്മയുമുണ്ടെന്ന് റോസെയ്ൻ പറയുന്നു. കുടുംബവും അയൽക്കാരും സുഹൃത്തുക്കളും ഉൾപ്പെടുന്ന സ്നേഹബന്ധങ്ങൾ അവിടെ കാണാം. യാതൊരു മുൻവിധികളുമില്ലാതെ ആളുകൾക്ക് സ്വന്തം ആത്മീയത പ്രകടിപ്പിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്നും ഭക്തി അവിടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
പ്ലാസ്റ്റിക് കസേരകളിലിരുന്ന് ചായയും കുടിച്ച് സംസാരിച്ചും ചുറ്റുമുള്ള കാഴ്ചകൾ കണ്ടും സമയം ചെലവഴിക്കാൻ ഇന്ത്യൻ സമൂഹം സമയം കണ്ടെത്തുന്നുണ്ട്. “സുഖമാണോ” എന്ന് ചോദിക്കുന്നതിന് പകരം “ഭക്ഷണം കഴിച്ചോ” എന്ന് ചോദിക്കുന്ന സ്നേഹമുള്ള സംസ്കാരമാണ് ഇന്ത്യയിലേത്. ചോറ്, പരിപ്പ്, തൈര്, പനീർ, ദോശ, പച്ചക്കറികൾ തുടങ്ങി വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ മികച്ച ദഹനം നൽകിയെന്നും റോസെയ്ൻ പറഞ്ഞു.
സംസാരിച്ചും വെറുതെയിരുന്നും വിശ്രമിക്കാനുള്ള സമയം കണ്ടെത്താൻ യൂറോപ്പുകാർ മറന്നുപോയതായി അവർ കുറ്റപ്പെടുത്തുന്നു. യൂറോപ്യൻ ഫാഷൻ ശീലങ്ങൾ മിക്കവാറും ബെയ്ജ് നിറത്തിലൊതുങ്ങുമ്പോൾ, ഇന്ത്യയിലെ തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും പൂക്കളും വലിയ ദൃശ്യവിരുന്നാണ് നൽകുന്നത്. യാതൊരു പ്രത്യേക കാരണവുമില്ലാതെ ആളുകൾ പുഞ്ചിരിക്കുന്നതും വലിയ മുഖവുരകളില്ലാത്ത നേരിട്ടുള്ള സംസാരശൈലിയും തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് അവർ കൂട്ടിച്ചേർത്തു.
ദിവസത്തിൽ പലതവണ ചായ ആസ്വദിക്കുന്ന ശീലവും റോസെയ്ൻ എടുത്തുപറഞ്ഞു. കൂടാതെ, ടോയ്ലറ്റ് പേപ്പറിന് മാത്രമായി ഒതുങ്ങാതെ യൂറോപ്പും വ്യക്തിശുചിത്വത്തിനായി വെള്ളം ഉപയോഗിക്കുന്ന ശീലത്തിലേക്ക് മാറേണ്ട സമയം അതിക്രമിച്ചുവെന്നും അവർ അഭിപ്രായപ്പെട്ടു. റോസെയ്ന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂലമായ കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




