സിനിമകളിലൂടെയും നാടകങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വിശ്രമത്തിലായിരിക്കെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെക്കാലം നാടക-സിനിമ രംഗങ്ങളിൽ സജീവമായിരുന്ന താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.
1961-ൽ നാടകവേദിയിൽ പ്രവേശിച്ച സാവിത്രി ശ്രീധരൻ കെ.ടി. മുഹമ്മദിന്റെ കലിംഗ ഉൾപ്പെടെയുള്ള പ്രമുഖ നാടക സമിതികളുടെ ഒട്ടനവധി നാടകങ്ങളിൽ നായികയായി തിളങ്ങി. 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡ് കരസ്ഥമാക്കി. എം.ടി. വാസുദേവൻ നായരുടെ ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ എന്ന കഥാപാത്രം സാവിത്രി ശ്രീധരന്റെ കരിയറിലെ വലിയ വഴിത്തിരിവായി മാറി. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. വലിയങ്ങാടി, ഡാകിനി, വൈറസ്, പപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




