ഫോർട്ട് സ്മിത്ത്: ഫോർട്ട് സ്മിത്തിൽ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ പ്രതിക്കായി കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ALSO READ ; വിലക്ക് കൊണ്ട് കാര്യമില്ല! കാനഡയിലെ ഭവന പ്രതിസന്ധിക്ക് കാരണം വിദേശികളല്ല
ഫോർട്ട് സ്മിത്തിലെ പെലിക്കൻ റാപ്പിഡ്സ് ഇന്നിൽ പ്രവർത്തിക്കുന്ന ‘ഡേർട്ടി ഓ ഫെർഗീസ്’ ബാറിന് പുറത്ത്, ‘ഫയർവീഡ് ഫെസ്റ്റിവൽ’ എന്ന സംഗീതമേളയുടെ ഉദ്ഘാടന പരിപാടികൾ അവസാനിക്കുന്ന ഘട്ടത്തിലാണ് സംഭവം നടന്നത്. തർക്കത്തിലേർപ്പെട്ട യുവാക്കളുടെ സംഘത്തിൽ പെട്ടയാളാണ് വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരും നിലവിൽ ആശുപത്രിയിലാണ്.
സംഭവത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ പ്രദേശം മുഴുവൻ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അയൽ പ്രവിശ്യകളിൽ നിന്നുള്ള പ്രത്യേക അടിയന്തര വിഭാഗം, ഡോഗ് സ്‌ക്വാഡ്, ഡ്രോണുകൾ, മേജർ ക്രൈംസ് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് പോലീസിന്റെ പരിശോധന പുരോഗമിക്കുന്നത്.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിനെതിരെ പോലീസ്
കനത്ത ശരീരപ്രകൃതിയും, ഇടത്തരം നിറവും, കറുത്ത മുടിയും താടിയുമുള്ള, ഗ്രേ കളർ സ്വെറ്റർ ധരിച്ച പുരുഷനാണ് പ്രതിയെന്ന് പോലീസ് വിവരണം നൽകിയിട്ടുണ്ട്. പ്രതി ആയുധധാരിയാണെന്നും കാണുന്നവർ നേരിട്ട് സമീപിക്കാതെ ഉടൻ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടേതെന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, പോലീസ് നൽകിയ വിവരങ്ങളുമായി ഇവയ്ക്ക് യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കിയ RCMP ഇത്തരം വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.
ഭീതിയിൽ നഗരം; കേന്ദ്രങ്ങൾ അടച്ചു
സംഭവം നഗരത്തിന് വലിയ ആഘാതമാണെന്ന് അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ഫോർട്ട് സ്മിത്ത് മേയർ ഡാന ഫെർഗൂസൺ പ്രതികരിച്ചു. എല്ലാവരും ശാന്തരായിരിക്കണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ഫോർട്ട് സ്മിത്ത് ഹെൽത്ത് സെന്റർ ലോക്ക്ഡൗണിലാണ്. നിലവിൽ അടിയന്തര സേവനങ്ങൾ മാത്രമാണ് ഇവിടെ ലഭ്യമാക്കുന്നത്. കൂടാതെ പ്രാദേശിക കമ്മ്യൂണിറ്റി റീക്രിയേഷൻ സെന്ററും അടച്ചിട്ടു. സുരക്ഷാ ഭീഷണിയെ തുടർന്ന് മ്യൂസിക് ഫെസ്റ്റിവലിന്റെ തുടർ പരിപാടികൾ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





