ആൽബർട്ട: ആൽബർട്ടയിൽ ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾക്ക് കാലാവധി പ്രാബല്യത്തിൽ വരുന്നു. പ്രവിശ്യാ പ്രീമിയർ ഡാനിയൽ സ്മിത്താണ് തത്സമയ റേഡിയോ പരിപാടിയായ ‘യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ’ വഴി ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ ഡ്രൈവിംഗ് ലൈസൻസും ഹെൽത്ത് കാർഡും സംയോജിപ്പിച്ചുള്ള ഐഡി കാർഡുകൾ പുറത്തിറക്കിയതിനെത്തുടർന്ന് ഉയർന്ന ആശങ്കൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
പ്രവിശ്യയിലെ ജനസംഖ്യയേക്കാൾ 5,00,000 കൂടുതൽ ഹെൽത്ത് കാർഡുകൾ നിലവിൽ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെക്കുമെന്നും പ്രൊവിൻഷ്യൽ ഓഡിറ്റർ ജനറൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഡാനിയൽ സ്മിത്ത് ചൂണ്ടിക്കാട്ടി.
ALSO READ; വിലക്ക് കൊണ്ട് കാര്യമില്ല! കാനഡയിലെ ഭവന പ്രതിസന്ധിക്ക് കാരണം വിദേശികളല്ല
ആൽബർട്ടയിൽ നികുതി അടക്കാത്തവർ മറ്റ് സ്ഥലങ്ങളിൽ താമസിച്ച ശേഷം, കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ പോലുള്ള ചെലവേറിയ ചികിത്സകൾക്കായി പ്രവിശ്യയിലേക്ക് തിരിച്ചെത്തി നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടി.
പ്രധാന മാറ്റങ്ങൾ:
അഞ്ച് വർഷത്തെ കാലാവധി: ഡ്രൈവിംഗ് ലൈസൻസിന്റെയോ ആൽബർട്ട ഐഡന്റിറ്റി കാർഡിന്റെയോ കാലാവധിക്കൊപ്പം (5 വർഷം) ഹെൽത്ത് കാർഡിന്റെ കാലാവധിയും ക്രമീകരിക്കും.
കാർഡ് പുതുക്കൽ: പ്രായമാകുന്നതിനനുസരിച്ച് മുഖച്ഛായയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രതിഫലിക്കാൻ നിശ്ചിത ഇടവേളകളിൽ ഫോട്ടോയും കാർഡും പുതുക്കേണ്ടതുണ്ട്.
മറ്റ് പ്രവിശ്യകളുടെ മാതൃക: കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിലവിലുള്ള സിസ്റ്റം തന്നെയാണ് ആൽബർട്ടയിലും നടപ്പിലാക്കുന്നത്.
പ്രതിപക്ഷവും സംഘടനകളും എതിർപ്പിൽ
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷമായ എൻ.ഡി.പി കടുത്ത ആശങ്ക രേഖപ്പെടുത്തി. കാർഡിന്റെ കാലാവധി കഴിഞ്ഞാൽ സാധാരണക്കാർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് എൻ.ഡി.പി നിഴൽ മന്ത്രി ഷെരീഫ് ഹാജി പറഞ്ഞു. കാർഡിന്റെ കാലാവധി തീർന്നാൽ അടിയന്തര സേവനങ്ങൾ മാത്രമായിരിക്കും സൗജന്യമായി ലഭിക്കുകയെന്നും ഫാമിലി ഡോക്ടർമാരെ കാണണമെങ്കിൽ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പരിഷ്കാരം ഭരണപരമായ സങ്കീർണ്ണതകൾ വർദ്ധിപ്പിക്കുമെന്നും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യസേവനങ്ങൾ നിഷേധിക്കപ്പെടാൻ ഇത് കാരണമാകുമെന്നും ‘ഫ്രണ്ട്സ് ഓഫ് മെഡിസിൻ’ എന്ന സംഘടനയും വിമർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





