റെജീന: രാജ്യത്ത് കാട്ടുതീ ഭീഷണി ശക്തമായി തുടരുന്നതിനിടെ, സസ്‌കച്ചെവാൻ പ്രവിശ്യയിൽ സന്നദ്ധ അഗ്നിശമന സേനയിലേക്ക് പുതിയ അംഗങ്ങളെ ലഭിക്കാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. വർഷങ്ങളായി സേവനമനുഷ്ഠിച്ച പരിചയസമ്പന്നരായ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആളുകളെ കണ്ടെത്താൻ സംഘടനകൾ ബുദ്ധിമുട്ടുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം ആളുകൾ ജോലിക്കും കുടുംബത്തിനും മുൻഗണന നൽകുന്നതാണ്, സന്നദ്ധസേവനത്തിലേക്ക് യുവാക്കൾ കടന്നുവരാത്തതിന് പ്രധാന കാരണമായി പറയുന്നത്.
സസ്‌കച്ചെവാൻ വോളണ്ടിയർ ഫയർഫൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആരൺ ബക്കിംഗ്ഹാമിന്റെ കണക്കുകൾ പ്രകാരം 25 മുതൽ 55 വർഷം വരെ സേവനം അനുഷ്ഠിച്ച നിരവധി പേരാണ് കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം ജോലിയിൽ നിന്നും കുടുംബത്തിൽ നിന്നും സമയം കണ്ടെത്തുന്നത് സാമ്പത്തികമായി പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഔട്ട്‌ലുക്ക്-റൂഡി ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് ഡാലസ് കിംഗും വ്യക്തമാക്കുന്നു. സന്നദ്ധ പ്രവർത്തകർക്കായി സർക്കാർ നികുതി ഇളവ് 6,000 ഡോളറായി ഉയർത്തിയെങ്കിലും, ഇത് പുതിയ അംഗങ്ങളെ ആകർഷിക്കാൻ പര്യാപ്തമാകുന്നില്ലെന്നാണ് വിലയിരുത്തൽ.
നിലവിൽ പ്രാദേശിക കൂട്ടായ്മകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള ശ്രമങ്ങളിലാണ് ഫയർ ഡിപ്പാർട്ട്മെന്റുകൾ. അപകടസാധ്യതകൾ ഏറെയുള്ള മേഖലയാണെങ്കിലും, സ്വന്തം നാടിനെ സേവിക്കാനുള്ള താല്പര്യമാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. സേനയുടെ ഭാഗമാകുന്നവർക്കിടയിലെ ശക്തമായ പരസ്പര വിശ്വാസവും കുടുംബം പോലുള്ള ബന്ധവുമാണ് നിലവിലുള്ള അംഗങ്ങളെ തുടർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി ഫയർ ചീഫ് ലൂക്ക് ലോക്ക്ഹാർട്ട്, സന്നദ്ധ പ്രവർത്തക അസെലിൻ ബെക്കറ്റ് എന്നിവർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കാട്ടുതീ സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ കൂടുതൽ പേരെ സേനയുടെ ഭാഗമാക്കുക എന്നത് പ്രവിശ്യയ്ക്ക് വലിയ വെല്ലുവിളിയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Forest fire threat is high; Volunteer Fire Department is short of personnel; Recruitment crisis looms










