ദില്ലി: സൗത്ത് ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണു. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ സൈദുലജാബിലെ വെസ്റ്റേൺ മാർഗിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ, വിവിധ ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന തിരക്കേറിയ കെട്ടിടമാണ് നിമിഷനേരം കൊണ്ട് നിലംപതിച്ചത്. അപകടത്തെ തുടർന്ന് ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമാണപ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന താൽക്കാലിക കാന്റീന് മുകളിലേക്കാണ് പതിച്ചത്. ഈ സമയം നിരവധി വിദ്യാർഥികൾ കാന്റീനിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിന് പിന്നാലെ നാട്ടുകാരും ദില്ലി ഫയർ സർവീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംയുക്തമായി നടത്തിയ തെരച്ചിലിൽ ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത്. വലിയ മെഷീനുകൾ, ഹൈഡ്രോളിക് കട്ടറുകൾ, വിക്ടിം ലൊക്കേഷൻ ക്യാമറകൾ എന്നിവയ്ക്ക് പുറമെ പരിശീലനം ലഭിച്ച നായ്ക്കളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം, രക്ഷാപ്രവർത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഉയർന്നു. നാട്ടുകാർ എൻഡിആർഎഫ് സംഘവുമായി വാക്കേറ്റത്തിലാവുകയും ചെയ്തു. കെട്ടിടത്തിന് കടുത്ത കാലപ്പഴക്കം ഉണ്ടായിരുന്നിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും, തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്ന ആശങ്കയിലാണ് ജനങ്ങളെന്നും പ്രദേശവാസികൾ പ്രതികരിച്ചു.
Five-storey commercial building collapses in South Delhi; people suspected to be trapped, rescue operation underway
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




