യോർക്ക് മേഖലയിലെ മോഷണപരമ്പരയിൽ അഞ്ചുപേർ പിടിയിൽ. ലൂയിസ് ആൽബർട്ടോ റോഡ്രിഗസ് മാർട്ടിനെസ്, ഫ്രാൻസിസ്കോ ഫിലിപ്പ് റോഡ്രിഗസ് മാർട്ടിനെസ്, കാർലോസ് ആൽബർട്ടോ റോഡ്രിഗസ് വെറ, സ്ഥിരമായ വിലാസമില്ല, മൈക്ക് സെബാസ്റ്റ്യൻ റോഡ്രിഗസ് മാർട്ടിനെസ്, വിൽസൺ മെജിയ അരാംഗോ എന്നിവരാണ് പിടിയിലായത്. അതിക്രമിച്ചു കടക്കൽ, ഗൂഢാലോചന, ക്രിമിനൽ കുറ്റകൃത്യത്തിൽ പങ്കെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മാർച്ചിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്താൻ മോഷ്ടാക്കൾ ആദ്യം പരിശോധന നടത്തും. പിന്നാലെ പിൻവശത്തെ സ്ലൈഡിംഗ് വാതിലുകൾ തകർത്ത് അകത്തുകടക്കുകയും ചെയ്യുകയാണ് രീതി. ജൂൺ 5 ന്, വോണിലെ വെസ്റ്റൺ റോഡിലും ലാങ്സ്റ്റാഫ് റോഡിലും ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ നിരീക്ഷണം നടത്തുകയും സംശയാസ്പദമായ ഒരു വാഹനം കണ്ടെത്തുകയുമായിരുന്നു. ഇവിടെ നിന്നാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായും ബ്രേക്കിംഗ് ടൂളുകളും റേഡിയോ ഫ്രീക്വൻസി ജാമറും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. നാല് വീടുകളിലും ആറ് സംശയാസ്പദമായ വാഹനങ്ങളിലും പിന്നീട് തിരച്ചിൽ നടത്തി. തുടർന്ന് രണ്ട് പേർക്കെതിരെ കൂടി കേസെടുത്തതായും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.









