ലോകകപ്പ് ഫുട്ബോളിന്റെ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കായികലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഉദ്ഘാടന മാമാങ്കത്തിന് വേദിയൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി മൂന്ന് വ്യത്യസ്ത നഗരങ്ങളിലായാണ് നടക്കുന്നത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള കാൽപന്തിന്റെ സുൽത്താന്മാർ മൈതാനത്തിറങ്ങുന്നതിന് മുൻപ്, സംഗീതവും സംസ്കാരവും സമന്വയിക്കുന്ന ദൃശ്യവിരുന്നാണ് ഫിഫ ആരാധകർക്കായി കാത്തുവെച്ചിരിക്കുന്നത്.
മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ആദ്യ ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ആഗോള സംഗീത പ്രതിഭാസം ഷക്കീരയാണ് ചടങ്ങിലെ പ്രധാന ആകർഷണം. നൈജീരിയൻ താരം ബേണ ബോയ്ക്കൊപ്പം ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ഷക്കീര വേദിയിൽ അവതരിപ്പിക്കും. കൊളംബിയൻ ഗായകൻ ജെ ബാൽവിൻ, ദക്ഷിണാഫ്രിക്കൻ താരം ടൈല എന്നിവർക്ക് പുറമെ മെക്സിക്കോയുടെ സ്വന്തം സംഗീത പ്രതിഭകളായ അലക്സാൻഡ്രോ ഫെർണാണ്ടസ്, ലീല ഡൗൺസ്, ബെലിൻഡ, ഡാനി ഓഷ്യൻ, പ്രശസ്ത ബാൻഡായ മന, ലോസ് ഏഞ്ചലസ് അസുലെസ് എന്നിവരും മെക്സിക്കോയിലെ വേദിയിൽ അണിനിരക്കും.
കാനഡയിലും അമേരിക്കയിലും ഹോളിവുഡ് സ്റ്റൈൽ ഷോ
ടൊറന്റോയിൽ നടക്കുന്ന രണ്ടാമത്തെ ഉദ്ഘാടന ചടങ്ങിലും വൻ താരനിരയാണ് അണിനിരക്കുന്നത്. അലാനിസ് മോറിസെറ്റ്, അലസിയ കാര, മൈക്കൽ ബൂബ്ലെ, ജെസ്സി റെയീസ്, ഇല്യാന, വെജിഡ്രീം, വില്യം പ്രിൻസ്, നോറ ഫത്തേഹി, സഞ്ജോയ് എന്നിവർ കാനഡയിലെ വേദിയെ സംഗീതസാന്ദ്രമാക്കും. അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ നടക്കുന്ന മൂന്നാമത്തെ ചടങ്ങ് പൂർണ്ണമായും ഹോളിവുഡ് ശൈലിയിലുള്ള വമ്പൻ പ്രൊഡക്ഷനായിരിക്കും. അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഈ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
“ലോകം ഒത്തുചേരുന്ന നിമിഷമാണ് ഫിഫ ലോകകപ്പ്, അത് ആരംഭിക്കുന്നത് തന്നെ വലിയൊരു ആഘോഷത്തോടെയായിരിക്കണം,” എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. മെക്സിക്കോ സിറ്റിയിൽ തുടങ്ങി ടൊറന്റോ, ലോസ് ഏഞ്ചലസ് നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ ചടങ്ങുകൾ ഓരോ രാജ്യത്തിന്റെയും തനിമയും ടൂർണമെന്റിന്റെ ഒരുമയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങുകളുടെ സമയക്രമം (ഇന്ത്യൻ സമയം – IST)
വിവിധ രാജ്യങ്ങളിലായി ചടങ്ങുകൾ നടക്കുന്നതിനാൽ ആരാധകർക്കായി കൃത്യമായ സമയക്രമമാണ് ഫിഫ നിശ്ചയിച്ചിട്ടുള്ളത്.
മെക്സിക്കോ ഉദ്ഘാടന ചടങ്ങ്: ജൂൺ 11, രാത്രി 10:30 (IST)
കാനഡ ഉദ്ഘാടന ചടങ്ങ്: ജൂൺ 12, രാത്രി 11:00 (IST)
അമേരിക്ക ഉദ്ഘാടന ചടങ്ങ്: ജൂൺ 13, പുലർച്ചെ 05:00 (IST)
തത്സമയ സംപ്രേഷണം എവിടെ കാണാം?
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിൽ ‘യുണൈറ്റ്8 സ്പോർട്സ്’ (Unite8 Sports) ചാനലുകളിലൂടെ കാണാൻ സാധിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ‘സീ5’ (Zee5) ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും തത്സമയ സ്ട്രീമിങ് ലഭ്യമായിരിക്കും. മൂന്ന് ആതിഥേയ രാജ്യങ്ങളും ലോകോത്തര കലാകാരന്മാരും ഒന്നിക്കുന്ന ഈ ഉദ്ഘാടന മാമാങ്കം, ഖത്തർ ലോകകപ്പിനേക്കാൾ വലിയൊരു ദൃശ്യവിസ്മയമാകുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
fifa-world-cup-2026-how-to-watch-opening-ceremony-all-performers-uk-india-us-brazil-saudi-arabia-start-timings-and-more
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










