സൂറിച്ച്: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ കളിക്കളത്തിൽ വച്ച് താരങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ അർജന്റീന, സ്പെയിൻ താരങ്ങൾക്കെതിരെ ഫിഫ കടുത്ത ശിക്ഷാനടപടികൾ പ്രഖ്യാപിച്ചു. ലോകകപ്പ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് അച്ചടക്ക സമിതി അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിച്ചത്. അർജന്റീന താരം ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ പിഴയും ചുമത്തി. സ്പാനിഷ് താരം റോഡ്രിയെ ആക്രമിച്ച അർജന്റീനയുടെ നഹുവൽ മൊളിനയ്ക്ക് 7 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ പിഴയുമുണ്ട്. കൂടാതെ ഡാനി ഓൾമോയെ തല്ലിയതിന് അർജന്റീന അസിസ്റ്റന്റ് കോച്ച് റോബർട്ട് അയാലയ്ക്ക് 3 മത്സരങ്ങളിൽ വിലക്കും 30,000 ഡോളർ പിഴയും ഫിഫ വിധിച്ചു.
താരങ്ങൾക്കെതിരെ നടപടി
മത്സരത്തിനിടെയുണ്ടായ തർക്കത്തിൽ ഉൾപ്പെട്ട മറ്റ് പ്രമുഖ താരങ്ങൾക്കും ഫിഫ വിലക്കും പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് താരം ഗാവിയെ കഴുത്തുഞെരിച്ചതിന് അർജന്റീനയുടെ തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്കും 28 ലക്ഷം രൂപ പിഴയും നൽകണം. സ്പാനിഷ് നിരയിൽ ഗാവിക്കെതിരെ മാത്രമാണ് നടപടിയുള്ളത്. ഒരു മത്സരത്തിൽ വിലക്കും 28 ലക്ഷം രൂപ പിഴയുമാണ് ഗാവിക്ക് ലഭിച്ച ശിക്ഷ. ഈ വിലക്ക് കാരണം വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലെ സ്പെയിൻ – ഇംഗ്ലണ്ട് പോരാട്ടത്തിൽ ഗാവിക്ക് കളിക്കാൻ സാധിക്കില്ല.
അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ പിഴ
താരങ്ങൾക്ക് നൽകിയ ശിക്ഷയ്ക്ക് പുറമെ അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെയും ഫിഫ നടപടിയെടുത്തു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ ജയത്തിന് ശേഷം ‘ഫാക്ലാന്റ്’ ബാനർ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ സന്ദേശം പ്രചരിപ്പിച്ചതിന് അർജന്റീന ടീം മൂന്ന് കോടിയിലധികം രൂപ പിഴയടക്കണം. കൂടാതെ, അർജന്റീനയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സ്റ്റേഡിയത്തിലെ പകുതി സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും ഫിഫ നിർദേശിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
FIFA bans and fines Argentina, Spain players for World Cup final brawl









