നയാഗ്ര: ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ നേതൃത്വത്തിൽ നയാഗ്ര ഫാൾസിൽ രണ്ടാമതൊരു ഫെറിസ് വീൽ നിർമ്മിക്കാനായി തയ്യാറാക്കിയ പദ്ധതി പ്രാദേശിക എതിർപ്പുകളെയും പ്രതിഷേധങ്ങളെയും തുടർന്ന് ഉപേക്ഷിച്ചു. ക്വീൻ വിക്ടോറിയ പാർക്കിൽ ലണ്ടൻ, ലാസ് വേഗാസ് മാതൃകയിൽ ലോകോത്തര നിലവാരത്തിലുള്ള പുതിയൊരു ഒബ്‌സർവേഷൻ വീൽ നിർമ്മിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, ഇതിന് തൊട്ടടുത്തുള്ള ക്ലിഫ്റ്റൺ ഹില്ലിൽ നിലവിലുള്ള ‘നയാഗ്ര സ്കൈവീൽ’ ഉടമകളായ HOCO എന്റർടൈൻമെന്റ് പദ്ധതിക്കെതിരെ രംഗത്തുവരികയും, നിലവിലെ സ്കൈവീൽ 250 അടി ഉയരത്തിലേക്ക് വികസിപ്പിച്ച് കാനഡയിലെ തന്നെ ഏറ്റവും വലിയ ഫെറിസ് വീലാക്കി മാറ്റുമെന്ന് അറിയിക്കുകയും ചെയ്തു.
HOCO അവതരിപ്പിച്ച പുതിയ വികസന പദ്ധതി പ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതോടെ, നയാഗ്ര പാർക്ക്സ് കമ്മീഷൻ പുതിയ ഫെറിസ് വീലിനായി ക്ഷണിച്ചിരുന്ന ടെൻഡർ (RFP) നടപടികൾ ഔദ്യോഗികമായി റദ്ദാക്കി. പ്രദേശവാസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടലാണ് ഫോർഡ് സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് വലിച്ചതെന്ന് നയാഗ്ര മേയർ ജിം ഡിയോഡാറ്റി വ്യക്തമാക്കി.









