റിയാദ്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. ഇതിനിടെ സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന ഔദ്യോഗിക മുന്നറിയിപ്പ് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. അടിയന്തര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ മൊബൈൽ ഫോണുകളിലൂടെ സന്ദേശം അയക്കുകയായിരുന്നു. ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും വീടുകള്‍ക്കുള്ളിലോ, ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്നോ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് വ്യോമാക്രമണ ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചെങ്കിലും നിലവിൽ സുരക്ഷാ സാഹചര്യങ്ങൾ കനത്ത ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഇറാൻ ഇസ്രായേലിന് നേരെ ഇത്രയും ശക്തമായ മിസൈൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇസ്രയേൽ വിനാശകരമായ ആക്രമണം നടത്തിയിരുന്നു. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ടത്. ഇതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും വഷളാവുകയും ഏത് നിമിഷവും വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന അവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ മറ്റ് അയൽരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത അടുത്ത 72 മണിക്കൂറത്തേക്ക് പൂർണ്ണമായി അടച്ചതായി പ്രഖ്യാപിച്ചു. സിറിയ ദമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും തെക്കൻ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് അടക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഇറാന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയും നിലവിൽ അടച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമഗതാഗതത്തെയും വിമാന സർവീസുകളെയും വരും ദിവസങ്ങളിൽ ഇത് ദോഷകരമായി ബാധിച്ചേക്കും.
Fear of war in the Middle East; Saudi Civil Defense warns of airstrike threat
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





