വാങ്കൂവർ: അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കടത്ത് നടത്തിയ കേസിൽ പഞ്ചാബ് സ്വദേശിയായ ഇന്ത്യൻ പൗരൻ ഹർമൻവീർ സിങ് എഫ്.ബി.ഐയുടെ പിടിയിലായി. ബിസിലെ വാങ്കൂവർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രവീന്ദർ ധന്ദ സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾ കാലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ വെച്ച് കാലിഫോർണിയ ഹൈവേ പെട്രോളിന്റെ പിടിയിലാകുകയായിരുന്നു. അന്താരാഷ്ട്രതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ (Operation Hard Ball) എന്ന സുപ്രധാന വേട്ടയുടെ ഭാഗമായാണ് ഈ നടപടി.

പഞ്ചാബ് സ്വദേശിയായ ഹർമൻവീർ സിങ്, ബിസിയിലെ രവീന്ദർ ധന്ദ സംഘത്തിന് വേണ്ടി യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് കോക്കെയിൻ, മെതാംഫെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ കടത്തിയ കേസിലെ പ്രതിയാണ്. ജൂൺ 23-ന് ലോസ് ഏഞ്ചൽസിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഇയാൾക്കെതിരെ ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത്, വിതരണം, കയറ്റുമതി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കമേൽ യു.എസ് കോടതി ചുമത്തിയിരിക്കുന്നത്.
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയ്, ജഗ്ഗു ഭഗ്വാൻപുരിയ, രവീന്ദർ ധന്ദ എന്നീ മൂന്ന് കുറ്റവാളി സംഘങ്ങൾക്കെതിരെ അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തുന്ന ശക്തമായ നടപടിയാണ് ഓപ്പറേഷൻ ഹാർഡ് ബോൾ. ഇതിന്റെ ഭാഗമായി ഇതുവരെ 37 പേർക്കെതിരെ കുറ്റം ചുമത്തുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11 പേർ കാലിഫോർണിയയിൽ നിന്നു മാത്രമാണ് പിടിയിലായത്.
ഈ അന്വേഷണങ്ങളുടെ ഭാഗമായി, ജഗ്ഗു ഭഗ്വാൻപുരിയ സംഘവുമായി ബന്ധമുള്ള നിതീഷ് കൗശൽ എന്ന 26 കാരനായ ഇന്ത്യൻ യുവാവിനെ വെർമോണ്ടിൽ വെച്ച് എഫ്.ബി.ഐ അടുത്തിടെ പിടികൂടിയിരുന്നു. കൂടാതെ, ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വടക്കേ അമേരിക്കയിലെ തലവനായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ പാരിതോഷികവും എഫ്.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധക്കേസിലടക്കം പങ്കുള്ളവരാണ് ഈ സംഘങ്ങൾ.
FBI nabs Indian national Harmanveer Singh over drug trafficking across US, Canada and Mexico
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





