ഒന്റാരിയോ: നയാഗ്ര ഫാൾസിലെ ക്യുഇഡബ്ല്യു ഹൈവേയിലുണ്ടായ മൂന്ന് വാഹനങ്ങളുടെ കൂട്ടിയിടിയിൽ ട്രക്ക് ഡ്രൈവർ മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഹൈവേയിൽ ഇരുദിശകളിലേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ ഹെലികോപ്റ്ററിൽ ട്രോമ സെന്ററിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകളുടെ ഗുരുതരാവസ്ഥ വ്യക്തമല്ല.

നവംബർ നാലിന് ഉച്ചയ്ക്ക് 2.45-ഓടെ തോറോൾഡ് സ്റ്റോൺ റോഡിനും മൗണ്ടൻ റോഡിനും ഇടയിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ട്രാക്ടർ ട്രെയിലർ ഹൈവേയിലെ രണ്ട് പാതകളും തടസ്സപ്പെടുത്തി. നയാഗ്ര ഭാഗത്തേക്കുള്ള പാതയ്ക്ക് മുകളിലെ വലിയ ദിശാസൂചക ബോർഡിലും ട്രക്ക് കുടുങ്ങിയതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് സർജന്റ് കെറി ഷ്മിഡ് പറഞ്ഞു.
ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും റോഡ്, സുരക്ഷാവേലി, ദിശാസൂചക ബോർഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കുമായാണ് ഹൈവേയിൽ ഗതാഗതം ദീർഘനേരം തടസ്സപ്പെട്ടത്.
ALSO READ: മക്കെൻസിയിൽ ബസ് അപകടം: നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചു
അപകടത്തിന് മുമ്പ് പ്രദേശത്ത് അശ്രദ്ധമായതോ പ്രവചനാതീതമായതോ ആയ ഡ്രൈവിങ് നടന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിൽ ഏതെങ്കിലും വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവരോടും ഡാഷ്‌ക്യാം ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉള്ളവരോടും നയാഗ്ര പോലീസിനെ ബന്ധപ്പെടാൻ അന്വേഷണസംഘം അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Fatal QEW Highway Crash in Niagara Falls’




