ടൊറന്റോ: ഒന്റാറിയോയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ‘ആൾട്ടോ’ (Alto) അതിവേഗ റെയിൽ പദ്ധതിക്കെതിരെ കർഷകരും ഗ്രാമീണ നിവാസികളും പ്രതിഷേധവുമായി രംഗത്ത്. കോടിക്കണക്കിന് ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കാർഷിക മേഖലയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ ആശങ്ക ഉന്നയിക്കുന്നു. ടൊറന്റോയ്ക്കും ക്യൂബെക്ക് സിറ്റിക്കും ഇടയിൽ നിർദ്ദേശിച്ചിട്ടുള്ള റെയിൽപാതയുടെ കൃത്യമായ റൂട്ട് ഇതുവരെ അധികൃതർ പ്രഖ്യാപിച്ചിട്ടില്ലാത്തത് തങ്ങളുടെ കൃഷിയിടങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് കർഷകരുടെ പ്രധാന പരാതി.
പദ്ധതിയുമായി ബന്ധപ്പെട്ട് നാനോസ് റിസർച്ച് നടത്തിയ സർവേയിൽ കാനഡയിലെ ജനങ്ങൾ ഈ വിഷയത്തിൽ ഭിന്നസ്വരമുള്ളവരാണെന്ന് കണ്ടെത്തി. പദ്ധതിക്ക് സർക്കാർ മുൻഗണന നൽകണമെന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, ഇതിന് കുറഞ്ഞ മുൻഗണന നൽകിയാൽ മതിയെന്നാണ് മറ്റ് 38 ശതമാനം പേരുടെ നിലപാട്. റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുള്ള കിങ്സ്റ്റണിലെ നഗരവാസികൾ യാത്രാസൗകര്യം വർദ്ധിക്കുമെന്നതിനാൽ പദ്ധതിയെ സ്വാഗതം ചെയ്യുമ്പോൾ, ഗ്രാമീണ മേഖലകളിൽ പദ്ധതിക്കെതിരെ ‘സ്റ്റോപ്പ് ആൾട്ടോ’ (Stop Alto) ബോർഡുകൾ സ്ഥാപിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. കിങ്സ്റ്റണിൽ മികച്ച റെയിൽ സേവനം ആവശ്യമാണെന്ന് നഗരത്തിലെ മേയർ ബ്രയാൻ പാറ്റേൺ വ്യക്തമാക്കി.
പദ്ധതിയുടെ പ്രാഥമിക കോറിഡോർ മാത്രമാണ് നിലവിൽ പുറത്തുവിട്ടിട്ടുള്ളതെന്നും അന്തിമ റൂട്ട് നിശ്ചയിച്ചിട്ടില്ലെന്നും ആൾട്ടോ കമ്പനി അറിയിച്ചു. ആദ്യഘട്ട പൊതുജനാഭിപ്രായ രൂപീകരണം പൂർത്തിയായതായും ഒട്ടാവ-മോൺട്രിയൽ സെൻട്രൽ സെഗ്‌മെന്റിനായുള്ള അടുത്ത ഘട്ട കൂടിയാലോചനകൾ ഈ വർഷം ശരത്കാലത്തോടെ ആരംഭിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാർഷിക പ്രവർത്തനങ്ങൾക്കുള്ള ആഘാതം പരിമിതപ്പെടുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
Farmer protests intensify against Ontario high-speed rail project; Concerns over route not being determined
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





