ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷം വ്യോമഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാരണം ചില ഭാഗങ്ങളിൽ ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഇത് ശ്രദ്ധിക്കണമെന്നും ദുബായ് എയർപോർട്ട് അധികൃതർ പ്രത്യേക മുന്നറിയിപ്പ് നൽകി. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി എയർപോർട്ടിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ തിരക്കേറിയ സമയത്ത് ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പ്രധാന പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ എയർപോർട്ട് അധികൃതർ രണ്ടുദിവസം മുൻപ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ ഈ പാലത്തിന്റെ ശേഷി 20 ശതമാനം വർദ്ധിച്ചു. തിരക്ക് കുറഞ്ഞ രാത്രി സമയങ്ങളിൽ റോഡുകൾ താൽക്കാലികമായി അടച്ചിട്ടും വലിയ സ്റ്റീൽ സ്പാനുകൾ സ്ഥാപിച്ചുമാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇത് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലൊന്ന് മൂന്ന് വരികളിൽ നിന്നും നാല് വരികളാക്കി ഉയർത്തിയത് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് വിമാനങ്ങളുടെയും എയർ ക്രൂവിന്റെയും സുരക്ഷ മുൻനിർത്തി ഫെബ്രുവരി 28-നാണ് യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചത്. തുടർന്ന് മെയ് 2-ഓടെ വ്യോമപാതയിലെ എല്ലാ താല്ക്കാലിക നിയന്ത്രണങ്ങളും യുഎഇ പൂർണ്ണമായി നീക്കിയിരുന്നു. ഇതിന് പിന്നാലെ വിമാന സർവ്വീസുകൾ പഴയ പടിയാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് ദുബായ് എയർപോർട്ട് പ്രവേശിച്ചതായും പ്രതിദിന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ എയർലൈനുകൾക്ക് അനുമതി നൽകിയതായും അധികൃതർ അറിയിച്ചു. യുഎഇക്ക് പുറത്തുള്ള പ്രാദേശിക വ്യോമപാതകളുടെ ലഭ്യത കൂടി കണക്കിലെടുത്തും അയൽരാജ്യങ്ങളുമായി ഏകോപിപ്പിച്ചുമായിരിക്കും ഇനി വിമാന സർവ്വീസുകൾ പൂർണ്ണ തോതിൽ ക്രമീകരിക്കുക.
Expatriates, pay attention! Major renovation at Dubai Airport; Major renovation at Terminal 1
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





