വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ ലയന നീക്കങ്ങൾക്കിടെ ഗ്രീൻലാൻഡിന് വൻ സാമ്പത്തിക സഹായവുമായി യൂറോപ്യൻ യൂണിയൻ (EU). ഗ്രീൻലാൻഡിലെ ഇയു നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ പ്രഖ്യാപിക്കാനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അവർ ഗ്രീൻലാൻഡിൽ എത്തിയത്.
ഗ്രീൻലാൻഡിനെ സ്വന്തമാക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ നിരന്തരമായ ആവശ്യങ്ങളെ ഡെൻമാർക്കും ഗ്രീൻലാൻഡും ശക്തമായി എതിർത്തിരുന്നു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഉർസുല വോൺ ഡെർ ലെയ്ന്റെ സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിൽ സുപ്രധാന ധാതുക്കൾ, ഉപഗ്രഹ ആശയവിനിമയങ്ങൾ, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ ഇയു വൻതോതിൽ നിക്ഷപമിറക്കുമെന്നാണ് കരുതുന്നത്.
തലസ്ഥാനമായ നുആൽ ഞായറാഴ്ച നടത്തിയ സന്ദർശന വേളയിൽ ഈ സാമ്പത്തിക പാക്കേജ് വളരെ വലുതായിരിക്കുമെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. എന്നാൽ തുക സംബന്ധിച്ച മറ്റ് വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല. യൂറോപ്യൻ യൂണിയനുമായുള്ള ദൃഢമായ സൗഹൃദവും മികച്ച പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസെൻ പ്രതികരിച്ചു.
ആഗോള ശക്തികളായ അമേരിക്ക, റഷ്യ, ചൈന, യൂറോപ്പ് എന്നിവർക്ക് ആർട്ടിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം ദിനംപ്രതി വർധിച്ചുവരികയാണ്. മഞ്ഞുരുകുന്നത് പുതിയ കപ്പൽപാതകൾ തുറക്കുന്നതിനും മേഖലയിലെ ധാതു സമ്പത്ത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും കാരണമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഐസ് പാളികളിൽ ഉണ്ടാക്കിയ പ്രകടമായ ആഘാതങ്ങൾ നേരിൽ കണ്ടെന്നും വോൺ ഡെർ ലെയ്ൻ എക്സിൽ കുറിച്ചു.
ഗ്രീൻലാൻഡിന്റെ മേൽ നിയന്ത്രണം വേണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഈ വർഷം അമേരിക്ക-യൂറോപ്യൻ ബന്ധത്തിലും നാറ്റോ സഖ്യത്തിലും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ഗ്രീൻലാൻഡിനെ പ്രതിരോധിക്കാൻ ഡെൻമാർക്കിന് കഴിയില്ലെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ ഗ്രീൻലാൻഡ് നാറ്റോയുടെ ഭാഗമാണെന്നും സഖ്യത്തിന്റെ പരസ്പര പ്രതിരോധ കരാറിനു കീഴിലാണ് അതെന്നും യൂറോപ്യൻ അധികൃതർ വ്യക്തമാക്കി. 1985-ൽ ഗ്രീൻലാൻഡ് ഇയു വിട്ടെങ്കിലും അവിടത്തെ ജനങ്ങൾ ഡെൻമാർക്ക് പൗരന്മാർ എന്ന നിലയിൽ ഇയുവിന്റെയും പൗരന്മാരായി തുടരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








