ഒട്ടാവ: കേന്ദ്ര ജീവനക്കാർക്ക് ഫീനിക്സ് പേറോൾ സംവിധാനത്തിലൂടെ വർഷങ്ങൾക്ക് മുമ്പ് അധികമായി ലഭിച്ച ശമ്പളം (ഓവർപേയ്മെൻ്റ്) തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങി കേന്ദ്ര സർക്കാർ. 2016-ൽ നിലവിൽ വന്ന ഫീനിക്സ് സംവിധാനത്തിലെ ഗുരുതര പിഴവുകൾ കാരണം ജീവനക്കാർക്ക് അബദ്ധവശാൽ ലഭിച്ച ഈ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് നിലവിലെയും മുൻപത്തെയും ജീവനക്കാർക്ക് ലഭിക്കുന്ന മുന്നറിയിപ്പ്.
അധികമായി കൊടുത്ത പണം തിരികെ വാങ്ങാനായി, കടങ്ങൾ പിരിച്ചെടുക്കാൻ സഹായിക്കുന്ന സ്വകാര്യ കമ്പനികളെ (Private Collection Agencies) സർക്കാർ ഏൽപ്പിച്ചിരിക്കുകയാണ്. നികുതി റീഫണ്ടുകൾ, നികുതി ഇളവുകൾ, കേന്ദ്ര ആനുകൂല്യങ്ങൾ എന്നിവ തടഞ്ഞുവെച്ചും, തിരിച്ചടയ്‌ക്കേണ്ട തുകയ്ക്ക് പലിശ ഈടാക്കിയുമാണ് നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ യൂണിയനായ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ആറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓവർപേയ്മെൻ്റുകൾ പിരിച്ചെടുക്കുന്നത് നിയമപരമല്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. “ശമ്പളം ലഭിക്കാതിരിക്കുക, സാമ്പത്തിക സമ്മർദ്ദം, അനിശ്ചിതത്വം എന്നിവ കാരണം ഫീനിക്സ് സംവിധാനം മൂലം അംഗങ്ങൾ വർഷങ്ങളോളം ദുരിതം സഹിച്ചു. ആറ് വർഷത്തെ നിയമപരമായ സമയപരിധി (Statutory Limitation Period) കഴിഞ്ഞ തുകകൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ജീവനക്കാരെ കൂടുതൽ ദ്രോഹിക്കുന്ന ഈ നടപടി സർക്കാർ ഉടൻ അവസാനിപ്പിക്കണം,” എന്ന് PSAC ദേശീയ പ്രസിഡൻ്റ് ഷാരോൺ ഡിസൂസ ധനകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഫീനിക്സ് സംവിധാനം വഴി ഇതുവരെ 4,81,652 ജീവനക്കാർക്ക് 356 കോടി ഡോളറാണ് അധികമായി ലഭിച്ചത്. ഇതിൽ 307 കോടി ഡോളർ സർക്കാർ തിരിച്ചുപിടിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 15,118 ജീവനക്കാരിൽ നിന്നായി 49.5 കോടി ഡോളർ കൂടി പിരിച്ചെടുക്കാനുണ്ട്. പൊതു പണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യൂണിയനുമായി സഹകരിച്ച് പരിഹാരം കാണുമെന്നും ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖത്ത് അലി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Phoenix salary controversy: Government to recover overpayments from years ago; Employees may face legal action






