ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസ് മൂന്നാം ദിനത്തിൽ കാനഡയ്ക്കായി സുവർണ്ണ നേട്ടവുമായി നീന്തൽ താരം ജോഷ്വ ലിയെൻഡോയും ജിംനാസ്റ്റിക്സ് താരം എമ്മി ബ്ലാക്കും. ഗ്ലാസ്ഗോയിലെ ടോൾക്രോസ് ഇന്റർനാഷണൽ സ്വിമ്മിങ് സെന്ററിൽ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് ടൊറന്റോ താരമായ ജോഷ്വ ലിയെൻഡോ ഗെയിംസ് റെക്കോർഡോടെ സ്വർണം നിലനിർത്തിയത്. 50.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത ലിയെൻഡോ, ഓസ്ട്രേലിയൻ താരങ്ങളായ മാത്യു ടെമ്പിൾ, ബെൻ ആംബ്രുസ്റ്റർ എന്നിവരെയാണ് പിന്നിലാക്കിയത്.
മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തിൽ, ചരിത്രനേട്ടവുമായാണ് മുപ്പതുകാരിയായ എമ്മി ബ്ലാക്ക് കാനഡയുടെ സുവർണ്ണ താരമായി മാറിയത്. വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഓൾ-റൗണ്ട് കിരീടം സ്വന്തമാക്കിയ എമ്മി ബ്ലാക്ക്, കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ രണ്ട് വ്യക്തിഗത ഓൾ-റൗണ്ട് കിരീടങ്ങൾ നേടുന്ന ആദ്യ ജിംനാസ്റ്റായി മാറി. 2018 ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിലും താരം സ്വർണം നേടിയിരുന്നു. 53.050 മൊത്തം സ്കോർ നേടിയാണ് ഈ മിന്നും വിജയം. ഇതേ ഇനത്തിൽ കാനഡയുടെ തന്നെ 16 കാരിയായ യുവതാരം ലിയ-മോണിക്ക ഫൊണ്ടെയ്ൻ വെങ്കല മെഡലും സ്വന്തമാക്കി.
പുരുഷന്മാരുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഓൾ-റൗണ്ട് ഫൈനലിൽ കാനഡയുടെ ഫെലിക്സ് ഡോൾസി വെള്ളിയും, വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ പ്രമുഖ നീന്തൽ താരം കെയ്ലി മാസ് വെള്ളി മെഡലും കരസ്ഥമാക്കി. ഈ നേട്ടങ്ങളോടെ കാനഡയുടെ ആകെ മെഡൽ നേട്ടം മൂന്ന് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഒമ്പതായി ഉയർന്നു.
Emmy and Joshua make history; Canada shines with gold at the Commonwealth Games.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






