വിന്നിപെഗ്: മാനിറ്റോബ സർക്കാരിന്റെ പുതിയ പരിഷ്കാരങ്ങൾ തങ്ങളുടെ ബിസിനസുകൾ തകരാൻ കാരണമാകുമെന്ന് ക്രിപ്റ്റോകറൻസി കമ്പനികൾ. ക്രിപ്റ്റോ മൈനിംഗ് സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള പ്രവിശ്യാ സർക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭാ സമിതിക്ക് മുൻപാകെയാണ് കമ്പനി അധികൃതർ ആശങ്ക അറിയിച്ചത്.
മാനിറ്റോബ ഹൈഡ്രോയുടെ വൈദ്യുതി ഗ്രിഡിന് മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനായി രണ്ട് ബില്ലുകളാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് ക്രിപ്റ്റോ മൈനിംഗ്, ഡാറ്റ സെന്ററുകൾ എന്നിവയ്ക്ക് വൈദ്യുതി നിരക്ക് 100 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വൈദ്യുതി ആവശ്യം കൂടുതലുള്ള സമയങ്ങളിൽ വിതരണം താൽക്കാലികമായി നിർത്താൻ മാനിറ്റോബ ഹൈഡ്രോയ്ക്ക് അധികാരം നൽകുന്നതാണ് രണ്ടാമത്തെ ബില്ല്. വരും വർഷങ്ങളിൽ വൈദ്യുതി ക്ഷാമം ഉണ്ടായേക്കാമെന്ന സാഹചര്യം പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്ന് ധനമന്ത്രി അഡ്രിയാൻ സാല വ്യക്തമാക്കി.
ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ തങ്ങളുടെ ബിസിനസ് പൂട്ടേണ്ടി വരുമെന്നും നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെ ഇത് ബാധിക്കുമെന്നും ഗേറ്റർ മൈനിംഗ് (Gator Mining) സിഇഒ ഗിൽഡോ തെറിയോൾട്ട് പറഞ്ഞു. ബിസിനസ് തകരുന്നതിനൊപ്പം വലിയ രീതിയിലുള്ള തൊഴിൽ നഷ്ടമുണ്ടാകുമെന്ന് മറ്റ് കമ്പനി ഉടമകളും ചൂണ്ടിക്കാട്ടി. ബിസിനസ് സംരക്ഷിക്കുന്നതിനായി നിയമത്തിൽ ഇളവുകൾ അനുവദിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ക്രിപ്റ്റോ മൈനിംഗ് കുറഞ്ഞ തൊഴിലവസരങ്ങൾ മാത്രം നൽകുന്ന മേഖലയാണെന്നാണ് സർക്കാരിന്റെ നിലപാട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Electricity rate hike: Crypto companies in Manitoba face crisis





