സെന്റ് ജോൺ : ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ടിൽ വ്യാജമായതും നിലവിലില്ലാത്തതുമായ 38 അക്കാദമിക് ഉറവിടങ്ങൾ കണ്ടെത്തി. പ്രവിശ്യയിലെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുന്നതിനായി തയ്യാറാക്കിയ 410 പേജുള്ള ‘എഡ്യൂക്കേഷൻ അക്കോർഡ് എൻ.എൽ’ (Education Accord NL) എന്ന അന്തിമ റിപ്പോർട്ടിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. സർക്കാർ 750,000 ഡോളർ ചെലവഴിച്ച് തയ്യാറാക്കിയ ഈ ആക്ഷൻ പ്ലാൻ സർവകലാശാലാ പ്രൊഫസർമാർ വ്യാജ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം വെബ്‌സൈറ്റിൽനിന്ന് പിൻവലിച്ചിരുന്നു.
ലാബ്രഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ബ്രാക്ക് ആൻഡ് ബ്രൈൻ’ എന്ന പബ്ലിഷേഴ്സ് നടത്തിയ 95 പേജുള്ള സ്വതന്ത്ര പരിശോധനയിലാണ് റിപ്പോർട്ടിലെ Bibliographies-ലും പരാമർശങ്ങളിലും ഗുരുതര പ്രശ്നങ്ങൾ പുറത്തുവന്നത്. മൊത്തം 350-ഓളം റഫറൻസുകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്. യഥാർത്ഥമെന്ന് തോന്നിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടെങ്കിലും പരിശോധിക്കാൻ കഴിയാത്ത 38 വ്യാജ റഫറൻസുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് ഈ വ്യാജ സിറ്റേഷനുകൾ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പോൾ ഡിൻ വ്യക്തമാക്കി.
റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് വിദഗ്ധർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനം തന്നെ ഈ റഫറൻസുകളാണെന്നും ഇത് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ ഇയാൻ ജോൺസ് പറഞ്ഞു. തിരുത്തലുകൾ വരുത്തിയ പുതിയ പതിപ്പ് ഉടൻ തന്നെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പോൾ ഡിൻ അറിയിച്ചു. നൂറുകണക്കിന് അധ്യാപകരുടെയും മുൻനിര വിദ്യാഭ്യാസ പ്രവർത്തകരുടെയും സംഭാവനകൾ ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








