ഗ്വായാക്വിൽ: എക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിൽ പള്ളിയിൽ കുർബാനയ്ക്കിടെ ഭീമൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം. ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലെ ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് കഴിഞ്ഞ ഒക്ടോബർ 17-ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. പള്ളിയിലെ ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഫാ. മൊളിനാരി അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തിന്റെ തൊട്ടുപിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മരത്തിന്റെ കുരിശ് അപ്രതീക്ഷിതമായി തലയിലേക്ക് ഇളകിവീഴുകയായിരുന്നു. സംപ്രേഷണം തത്സമയം നടന്നുകൊണ്ടിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. കുരിശ് വീണയുടൻ തന്നെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ ഭയന്നോടുകയും അടിയന്തരമായി വൈദികന്റെ അടുത്തെത്തുകയും ചെയ്തു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഒക്ടോബർ 18-ന് വൈദികന്റെ വേർപാട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫാ. മൊളിനാരിയുടെ കുടുംബത്തിനും സഭാ സമൂഹത്തിനും അതിരൂപത ആഴത്തിലുള്ള അനുശോചനം അറിയിച്ചിട്ടുണ്ട്. 1732-ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ ഓഫ് ദ മോസ്റ്റ് ഹോളി റിഡംപ്റ്ററിലെ സജീവ അംഗമായിരുന്നു അദ്ദേഹം.
ചുമരിൽ ഉറപ്പിച്ചിരുന്ന ഭാരമേറിയ കുരിശ് ഇളകിവീഴാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുരിശ് സ്ഥാപിച്ചതിൽ വരുത്തിയ വീഴ്ചയാണോ അതോ കെട്ടിടത്തിന്റെ പഴക്കമാണോ അപകടത്തിന് വഴിവെച്ചത് എന്നത് അധികൃതർ പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Also Read : ഇറ്റലിയിൽ സംഘർഷം കടുക്കുന്നു: ഇന്ത്യക്കാർക്ക് എംബസിയുടെ സുരക്ഷാ മുന്നറിയിപ്പ്
സംഭവ സ്ഥലത്ത് പ്രാദേശിക ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി വരികയാണ്. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ പള്ളികളിലെ നിർമ്മാണ രീതികളും നിർമ്മിതികളുടെ സുരക്ഷിതത്വവും പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളുടെ തീയതി സഭ പിന്നീട് അറിയിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





