മിലാൻ: ഇറ്റലിയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, സുരക്ഷ മുൻനിർത്തി ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. മോശം പൊതുസേവനങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലമുണ്ടായ അസ്വസ്ഥതകൾ അക്രമാസക്തമായ സാഹചര്യത്തിലാണ് ഇറ്റലിയിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. പ്രക്ഷോഭങ്ങൾ നടക്കുന്ന സ്ഥലങ്ങളും തിരക്കേറിയ പ്രദേശങ്ങളും പൂർണമായി ഒഴിവാക്കാനും പ്രാദേശിക വാർത്തകൾ കൃത്യമായി പിന്തുടരാനും എംബസി നിർദേശിച്ചു.
വടക്കൻ ഇറ്റാലിയൻ നഗരമായ മിലാനിൽ ഞായറാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായിരുന്നു. സെൻട്രൽ പിയാസ ഡുവോമോയ്ക്ക് സമീപം മുഖംമൂടി ധരിച്ച നൂറുകണക്കിന് ആളുകൾ കടകളുടെ ജനാലകൾ തകർക്കുകയും തെരുവുകളിലെ ബിന്നുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
മിലാൻ, ബൊളോണ, ബ്രെസിയ, ബെർഗാമോ, ടൂറിൻ തുടങ്ങിയ നഗരങ്ങളിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 60-ലധികം ആളുകളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ശനിയാഴ്ച നടന്ന സംഘർഷങ്ങളിൽ 28 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരങ്ങളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയിലെ സംഭവവികാസങ്ങൾ അയൽരാജ്യമായ ഫ്രാൻസിലെ പ്രതിഷേധങ്ങളുടെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. ജീവിതച്ചെലവ് വർധിച്ചതിൽ പ്രതിഷേധിച്ച് ഫ്രാൻസിലും ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. അത്യാവശ്യ പൊതുസേവനങ്ങളുടെ ലഭ്യതക്കുറവും സാമ്പത്തിക സമ്മർദ്ദവുമാണ് യൂറോപ്പിലുടനീളം ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്.
പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി കുറ്റപ്പെടുത്തി. നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുമായി സർക്കാർ പ്രത്യേക യോഗം വിളിച്ചുചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സർക്കാരിന് മുന്നിൽ ഇത് വലിയ വെല്ലുവിളിയാണ്.
Also Read: കാനഡയിൽ തുടരണമോ വേർപിരിയണമോ? ആൽബർട്ടയിലെ ചരിത്രപരമായ റഫറണ്ടം ഇന്ന്
പ്രതിഷേധ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ച എംബസി, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറുകൾ പുറത്തുവിട്ടു. റോമിലെ ഇന്ത്യൻ എംബസിയുമായി +39 331 614 2085 എന്ന നമ്പറിലും, മിലാനിലെ ഇന്ത്യൻ കോൺസുലേറ്റുമായി +39 388 164 7527 എന്ന നമ്പറിലും പൗരന്മാർക്ക് ബന്ധപ്പെടാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





